ജയരാജന്‍മാര്‍; കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തും തലവേദനയും

സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കണ്ണൂര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്ന സ്ഥലം. സിപിഎം നേതൃനിരയിലെ ഒരു പറ്റം കരുത്തന്‍മാര്‍ കണ്ണൂരില്‍ നിന്നായിരുന്നു. അതില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ വരെയുണ്ട്. വര്‍ത്തമാന കാലത്ത് കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തി പിണറായി വിജയന്‍ കഴിഞ്ഞാല്‍ മൂന്ന് ജയരാജന്‍മാരാണ്. അണികളുടെ അംഗീകാരം കൊണ്ടും നേതൃശേഷി കൊണ്ടും സിപിഎമ്മിന് കരുത്താണ് ഇപി ജയരാജന്‍, പി ജയരാജന്‍, എംവി ജയരാജന്‍ എന്നീ നേതാക്കള്‍. എന്നാല്‍ ഇവരുടെ ചില പ്രവര്‍ത്തികളും പ്രസംഗങ്ങളുമെല്ലാം പാര്‍ട്ടിക്ക് പലപ്പോഴും തലവേദനയുമായിട്ടുണ്ട്. നിലവില്‍ പിണറായി വിജയന്‍ എന്ന സിപിഎമ്മിലെ അതികായനൊപ്പം രണ്ടുപേര്‍ നില്‍ക്കുമ്പോള്‍ മൂന്നാമന്‍ ഗുഡ്ബുക്കില്‍ നിന്ന് പുറത്താണ്.

ജയരാജന്‍മാരില്‍ പാര്‍ട്ടിയില്‍ സീനിയര്‍ ഇപി ജയരാജനാണ്. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം. താഴെതട്ടു മുതല്‍ പിണറായി വിജയനൊപ്പം പ്രവര്‍ത്തിച്ച നേതാവ്. എതിരാളികളുടെ വെടിയുണ്ടയെ അതിജീവിച്ച നേതാവ്. പിണറായിയോടുളള അടുപ്പം പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുമെല്ലാം ഇപിക്ക് ഗുണം ചെയ്തു. ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പിന്റെ ചുമതലയും രണ്ടാമന്‍ സ്ഥാനവും. ബന്ധുനിയമനത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നെങ്കിലും പിന്നീട് മന്ത്രി സ്ഥാനത്തേക്ക് മടക്കി കൊണ്ടുവന്നു.ഇപി പാര്‍ട്ടിയെ പ്രതികൂട്ടിലാക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് പ്രസംഗത്തിന്റെ പേരിലും ചിലരുമായുള്ള ബന്ധങ്ങളുടെ പേരിലുമാണ്. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടി വളര്‍ത്താന്‍ കഴിയില്ലെന്ന ഇപിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ബോണ്ട് വാങ്ങിയതും, നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പണപിരിവും ഒടുവില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന രാധാകൃഷ്ണന് ദേശാഭിമാനി കെട്ടിടം വിറ്റതും വരെ വിവാദങ്ങള്‍ നീണ്ടു. ഇപിയുടെ ഭാര്യയുടേയും മകന്റേയും പേരിലുള്ള വൈദേകം റിസോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളും സിപിഎമ്മിന് തലവേദനയായി. അവസാനം വൈദേകത്തിലെ ഷെയര്‍ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ നിരാമയ ഗ്രൂപ്പിന് വിറ്റതും പ്രതിപക്ഷം വലിയ ആയുധമാക്കി.

പിണറായി വിജയനോടൊപ്പം നിന്ന നേതാവാണെങ്കിലും ഇപിക്ക് ഇപ്പോള്‍ ആ അടുപ്പം ഇല്ല. കോടിയേരി ബാലകൃഷ്ണന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഇപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. തന്നേക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന്‍ ആ സ്ഥാനത്തേക്കും തുടര്‍ന്ന് പിബിയിലേക്കും പോകുന്നത് ഇപിക്ക് നോക്കി നില്‍ക്കേണ്ടി വന്നു. ഇതോടെ പാര്‍ട്ടി വേദികളില്‍ നിന്നകന്ന ഇപിയെ ഇടത് കണ്‍വീനറാക്കിയാണ് പിണറായി മടക്കി കൊണ്ടുവന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രശംസിച്ചതും ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും ചര്‍ച്ചയായി. ഒപ്പം ബിജെപി പ്രവേശനത്തിനായി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന വിവാദം കൂടി പുറത്തു വന്നതോടെ പിണറായി തന്നെ ഇപിയെ പരസ്യമായി വിമര്‍ശിച്ചു. ഇപ്പോള്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ നീക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അണികളുടെ പിന്തുണയുള്ളത് പി ജയരാജനാണ്. പ്രത്യേകിച്ചും യുവാക്കളുടെ പിന്തുണ. ഇത് തന്നെ പലപ്പോഴും ജയരാജന് തലവേദനയായിട്ടുമുണ്ട്. പലവട്ടം ആര്‍എസ്എസ് വധശ്രമങ്ങള്‍ നേരിട്ട നേതാവ് കൂടിയാണ് ജയരാജന്‍. ഒരു തിരുവോണനാളിയില്‍ വീട്ടില്‍ കയറി ആക്രമിച്ച ആര്‍എസ്എസ് ഗുണ്ടകള്‍ ജയരാജന്‍ മരിച്ചു എന്ന് കരുതിയാണ് ഉപേക്ഷിച്ച് പോയത്. എന്നാല്‍ അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുളള പോരാട്ടവീര്യം ജയരാജനുണ്ടായിരുന്നു. ഇന്നും അന്നത്തെ ആക്രമണത്തിന്റെ ശാരീരിക ബുദ്ധിമുട്ടികളുമായാണ് ജയരാജന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അണികള്‍ക്ക് എപ്പോഴും ആവേശമാണ് ജയരാജന്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പി ജയരാജന്‍ എപ്പോഴും ആരോപണങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. പി ജയരാജന്‍ നേതൃത്വത്തിന് തലവേദനയാതോടെയാണ് ഒതുക്കല്‍ നടപടികള്‍ തുടങ്ങിയത്. അണികള്‍ ജയരാജനെ പ്രശംസിച്ച് പാട്ടെഴുതിയതോടെ വ്യക്തിപൂജ എന്നാരോപിച്ച് ജയരാജനെതിരെ ആദ്യ നടപടിയുണ്ടായി. ഒരു ഫ്‌ളക്‌സ് ബോര്‍ഡില്‍ ജയരാജനെ വാനോളം പുകഴിത്തിയതും അതിലെ ചിത്രവുമൊക്കെയാണ് വിനയായത്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്നും പി ജയരാജനെ ഒഴിവാക്കുകയായിരുന്നു എന്ന് തന്നെ പറയാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചപ്പോള്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ആ സ്ഥാനം തിരികെ നല്‍കിയതുമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഖാദി ബോര്‍ഡ് വൈസ്‌ചെര്‍മാന്‍ സ്ഥാനമാണ് ജയരാജന് നല്‍കിയത്. ഇതും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കാനാണെന്ന് വിമര്‍ശനമുണ്ട്. ആകാശ് തില്ലങ്കേരി പോലെയുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ നേതാവാണ് എന്ന വിമര്‍ശനവും പി ജയരാജന്‍ നേരിടുന്നതാണ്. ഇപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താക്കിയ മനുതോമസ് അതീവ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ക്വാറി മാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, ക്വട്ടേഷന്‍ ടീമിനെ നയിക്കുന്നു എന്നത് കൂടാതെ പി ജയരാജന്റെ മകന്‍ ജെയിന്‍രാജ് സ്വര്‍ണ്ണംപൊട്ടിക്കല്‍ സംഘത്തിന്റെ നേതാവാണെന്ന് വരെ മനു ആരോപിച്ചു. ലോക്‌സഭാ തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ വിമര്‍ശിച്ച് സംസ്ഥാന സമിതിയില്‍ സംസാരിക്കുകയും കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിക്കുയും ചെയ്തതിന് പിന്നാലെയാണ് പി ജയരാജന്‍ പ്രതിസന്ധിയിലായ നീക്കങ്ങളെല്ലാം ഉണ്ടാകുന്നത്.

താരതമ്യേന പാര്‍ട്ടിയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന നേതാവാണ് എംവി ജയരാജന്‍. എങ്കിലും പ്രസംഗങ്ങളിലെ വീഴ്ച സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശം രാജ്യവ്യാപകമായി ചര്‍ച്ചയായി. ശുംഭന്‍ വിളിയില്‍ ജയില്‍ ശിക്ഷയേറ്റു വാങ്ങിയത് എംവി ജയരാജന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച സംഭവമായിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ കണ്ണൂരില്‍ നയിച്ച് എംവി കൈയ്യടി നേടിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു എംവി. ആ ചുമതല മികവുറ്റ രീതിയില്‍ നിര്‍വഹിച്ചതിന്റെ പരിഗണന പാര്‍ട്ടിക്ക് ഇപ്പോഴും എംവി ജയരാജനോടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top