പിണറായിക്ക് നന്ദി അറിയിച്ച് കുമാരസ്വാമി; നന്ദി ആയുധമാക്കി പ്രതിപക്ഷം, എല്ലാം വ്യക്തമായെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിണറായി വിജയൻ്റെ സമ്മതത്തോടെയാണ് ജനതാദൾ എസ് ബിജെപി മുന്നണിയിൽ ചേർന്നതെന്ന എച്ച്.ഡി.ദേവഗൗഡയുടെ പ്രസ്താവന വീണ്ടും ആയുധമാക്കി പ്രതിപക്ഷം. ജെഡിഎസിനെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പ്രകാശിപ്പിച്ചതാണ് ഇന്ന് വീണ്ടും പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചത്. ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയ്‌ക്ക് നന്ദിയുണ്ടെന്നും അതിന് പിണറായിയെ പ്രശംസിക്കേണ്ടതുണ്ടെന്നുമായിരുന്നു കുമാരസ്വാമി ഇന്ന് പറഞ്ഞത്. ഇതാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വടിയായി പ്രതിപക്ഷം ഇന്ന് ഉപയോഗിച്ചത്.

ജെഡിഎസിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചതും ഇടത് മുന്നണി ഘടകകക്ഷിയായി നിലനിർത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്‌കതയാണ് എന്ന് കുമാരസ്വാമി പറഞ്ഞത് തന്നെയാണ് ഇന്നലെ ദേവഗൗഡ വെളിപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സംഘപരിവാർ ഇടനിലക്കാരനായി അധപതിച്ചു. പിണറായിയുടെ മഹാമനസ്‌കതയ്ക്ക് കാരണം അഴിമതി കേസുകളിൽ അന്വേഷണം നേരിടേണ്ടി വരുമെന്ന ഭയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കര്‍ണാടകയിലേയും കേരളത്തിലേയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. ജെഡിഎസ് കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ല. അവര്‍ക്ക് എല്‍ഡിഎഫില്‍ തുടരാം. ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കുമാരസ്വാമി ഇന്ന് പറഞ്ഞത്. ജെഡിഎസ് – ബിജെപി സഖ്യത്തിന് പിണറായി വിജയൻ അനുമതി നൽകിയെന്ന് ദേവെഗൗഡ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ എൻഡിഎ സഖ്യത്തിൽ ചേർന്നതുൾപ്പെടെ എല്ലാം പിണറായിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തൽ അടിവരയിടുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്ന് സതീശൻ പറഞ്ഞു.

ദേശീയതലത്തിൽ സംഘപരിവാറിനൊപ്പം പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ജെഡിഎസ് സംഘപരിവാറിൽ ചേർന്ന് ഒന്നരമാസമായിട്ടും സംസ്ഥാനത്ത് ജെഡിഎസ് സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമാണ്. പിണറായി മന്ത്രിസഭയിൽ അവർക്ക് ഇപ്പോഴും പ്രതിനിധിയുണ്ട്. എൻഡിഎയുടെ ഘടകകക്ഷിയായ ജെഡിഎസിനോട് മാറി നിൽക്കണമെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവം പിണറായി വിജയനും സിപിഎമ്മിനുമില്ല. ഇതാണ് ഒത്തുതീർപ്പിന്റെ രാഷ്ട്രീയം. സംഘപരിവാർ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ വാദം ശരിയാണെന്ന് തെളിയുന്നുവെന്നും സതീശൻ വ്യക്തമാക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top