ജനതാദൾ എന്ന പാർട്ടി നിലവിലുണ്ടോ പ്രസിഡൻ്റേ? എത്രനാൾ ഒളിച്ചുകളി തുടരുമെന്ന് തെറ്റയിലിൻ്റെ ലെറ്റർ ബോംബ്

രണ്ട് വള്ളത്തിൽ ചവിട്ടി നിന്നുകൊണ്ടുള്ള ജനതാദൾ എസിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജോസ് തെറ്റയിൽ. കേന്ദ്ര നേതൃത്വം ബിജെപിയുമായി കൈകോർത്തതോടെ, പേരോ കൊടിയോ ചിഹ്നമോ ഇല്ലാതായ കേരള ഘടകം എങ്ങനെ പ്രവർത്തിക്കുമെന്ന തെറ്റയിലിൻ്റെ കത്ത് ഇടത് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കാൻ നാല് ദിവസം മാത്രം അവശേഷിക്കെയാണ് മുൻ മന്ത്രിയുടെ ലെറ്റർ ബോംബ്. പാർട്ടി സംസ്ഥാന പ്രസിഡൻ്റിൻ്റെ നിലപാട് ഇല്ലായ്മയാണ് ഇതോടെ ചർച്ചാ വിഷയമായിരിക്കുന്നത്.
ജനതാദൾ ദേശീയ അധ്യക്ഷൻ ദേവഗൗഡ ബിജെപിയുമായി സഖ്യത്തിലായതിൻ്റെ പേരിൽ ത്രിശങ്കുവിലായ കേരള ഘടകം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത് ഈവർഷം ജൂണിൽ ആണ്. എന്നാൽ അതിനുള്ള യാതൊരു നീക്കവും ഇതുവരെ ഉണ്ടാകാത്തതാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 28നാണ് ജോസ് തെറ്റയിൽ സംസ്ഥാന പ്രസിഡൻ്റ് മാത്യൂ ടി തോമസിന് കത്തയച്ചത്. “നമ്മുടെ രാഷ്ട്രീയ പാർട്ടിയെന്ന് നാം സ്വയം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രവർത്തകർക്കുള്ള ആശങ്കകളും ആകുലതകളും പങ്കുവെയ്ക്കാനാണീ കത്ത്” എന്നു പറഞ്ഞു കൊണ്ടാണ് തെറ്റയിലിൻ്റെ കത്ത് ആരംഭിക്കുന്നത്.

2006-07 കാലത്തും ജനതാദൾ അധ്യക്ഷൻ ദേവഗൗഡയും കൂട്ടരും കർണാടകയിൽ ബിജെപിയുമായി കൈകോർത്തത് കേരള ഘടകത്തെ വൻ പ്രതിസന്ധിയിൽ ആക്കിയതാണ്. ഇതേ തുടർന്ന് എംപി വീരേന്ദ്ര കുമാറിൻ്റെ നേതൃത്വത്തിൽ കേരള ഘടകം ഗൗഡയെ തള്ളിപ്പറയുകയും പുതിയ പാർട്ടി രൂപീകരിച്ച് എൽഡിഎഫിൽ നിലനിൽക്കുകയും ചെയ്തു. സമാന പ്രതിസന്ധി ആണ് ഇപ്പോഴും നേരിടുന്നത്. ഇത്തവണ പക്ഷേ പ്രഖ്യാപനം മാത്രമേയുള്ളൂ, നടപടി ഇല്ല എന്നതാണ് പാർട്ടിയിൽ അസ്വസ്ഥത പടർത്തുന്നത്. കർണാടകത്തിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിന്തുണയുണ്ട് എന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ ദേവഗൗഡ അവകാശപ്പെട്ടത് വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
കേരള ഘടകം ദേവഗൗഡയുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അവകാശപ്പെടുമ്പോഴും കൂറുമാറ്റ നിരോധന നിയമത്തിൻ്റെ വാൾ വീഴുമെന്ന ഭയം കൊണ്ടാണ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും പുതിയ പാർട്ടി രൂപീകരണം വൈകിപ്പിക്കുന്നത് എന്നാണ് ജോസ് തെറ്റയിലും കൂട്ടരും ആരോപിക്കുന്നത്. കേരളത്തിൽ ഇടതു മുന്നണിയോടൊപ്പവും കേന്ദ്രത്തിൽ ബിജെപിയോടൊപ്പവും എന്ന ഇരട്ടത്താപ്പുമായി ഇനി അധികകാലം പോകാനാവില്ലെന്ന് പാർട്ടിക്കുള്ളിൽ നിന്ന് അപസ്വരം ഉയർന്നത് നേതൃത്വത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. പുതിയ പാർട്ടി രൂപീകരണത്തിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ആത്മഹത്യാപരമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here