കൃഷ്ണന്‍കുട്ടിയും മാത്യുടിയും മിണ്ടുന്നില്ല; ജെഡിഎസ് കേരള ഘടകം ആര്‍ക്കൊപ്പം

തിരുവനന്തപുരം : ബിജെപി സഖ്യത്തില്‍ ജെഡിഎസ് കേരള ഘടകത്തിലെ മൗനം തുടരുന്നു. പാര്‍ട്ടി തന്നെ രണ്ടായി പിളരുകയും ഒരേ പാര്‍ട്ടിക്ക് രണ്ട് ദേശീയ അധ്യക്ഷന്‍മാര്‍ വന്നിട്ടും ഇതിലൊന്നും പ്രതികരിക്കാതിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായി പറയാന്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം തയാറായിട്ടില്ല. മന്ത്രിസ്ഥാനത്തേയും എംഎല്‍എ സ്ഥാനത്തേയും ബാധിക്കുമെന്ന ആശങ്കയിലാണ് നിലപാട് വ്യക്തമാക്കാതെയുള്ള ഒളിച്ചു കളി.

ബിജെപിയുമായുളള സഖ്യം ജെഡിഎസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് ഇടതു മുന്നണിക്കൊപ്പം ഭരണത്തില്‍ പങ്കാളിയായ കേരള ഘടകം ആര്‍ക്കൊപ്പമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ് അന്ന് പ്രതികരിച്ചത്. അത് തന്നെയാണ് ഇപ്പോഴും മാത്യു ടി. തോമസ് പറയുന്നത്.

നിലവില്‍ ജെഡിഎസ് രണ്ടായി പിളര്‍ന്നു കഴിഞ്ഞു. എച്ച്.ഡി. ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ഒരു വിഭാഗവും സി.കെ.നാണു ദേശീയ അധ്യക്ഷനായുള്ള മറ്റൊരു വിഭാഗവും തങ്ങളാണ് ശരിക്കും ജെഡിഎസ് എന്ന അവകാശവാദം ഉന്നയിക്കുകയാണ്. ഇന്നലെ ബിജെപി സഖ്യ വിരുദ്ധ വിഭാഗം സമാന്തര ദേശീയ പ്ലീനറി കമ്മീഷന്‍ യോഗം വിളിച്ചാണ് സി.കെ.നാണുവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇന്ത്യ മുന്നണിയുമായി സഹകരിക്കുമെന്നും ഈ വിഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കറ്റയേന്തിയ കര്‍ഷക സ്ത്രീക്കായി നിയമ പോരാട്ടം നടത്താനാണ് ഈ വിഭാഗത്തിന്റെ തീരുമാനം.

പാര്‍ട്ടിക്കുള്ളില്‍ ഇത്രയും ആശയ സമരം നടക്കുമ്പോഴും സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്നത് മന്ത്രി കൃഷ്ണന്‍ കുട്ടിയുടേയും മാത്യു ടി.തോമസിന്റേയും എംഎല്‍എ സ്ഥാനത്തുണ്ടാകാന്‍ സാധ്യതയുള്ള നിയമപ്രശ്‌നങ്ങള്‍ കാരണമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ദേവഗൗഡയാണ് ഇരുവര്‍ക്കും ഔദ്യോഗിക ചിഹ്നം അനുവദിച്ചത്. അതുകൊണ്ട് തന്നെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നിന്നില്ലെങ്കില്‍ അയോഗ്യതയെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ബിജെപിയുമായി സഖ്യത്തിലുളള വിഭാഗത്തെ പിന്തുണച്ചാല്‍ കേരളത്തിലെ ഇടത് മുന്നണിയിലെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. ഇവയെല്ലാം കണക്കിലെടുത്താണ് എങ്ങും തൊടാതെയുള്ള വിമര്‍ശനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന പതിവ് മറുപടിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top