രണ്ടും കൽപ്പിച്ച് നാണു; ജെഡിഎസ് സംസ്ഥാന ഘടകം പിളർപ്പിലേക്ക്; ഗൗഡയെ പുറത്താക്കിയേക്കും

തിരുവനന്തപുരം: ജനതാദൾ സോഷ്യലിസ്റ്റ് (ജെഡിഎസ്) കേരള ഘടകം പിളർപ്പിലേക്ക്. ദേശീയ വൈസ് പ്രസിഡൻ്റ് സി.കെ.നാണുവിൻ്റെ നേതൃത്വത്തിൽ ദേവഗൗഡ വിരുദ്ധരുടെ യോഗം വിളിച്ചതാണ് പാർട്ടി കേരള ഘടകത്തെ വെട്ടിലാക്കിയിരിക്കുന്നത്. നവംബർ 15ന് കോവളത്തെ വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് യോഗം. ദേശീയ നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കിയ കർണാടക മുൻ അധ്യക്ഷൻ സി.എം.ഇബ്രാഹിമിനെ മുൻനിർത്തിയാണ് ഗൗഡ വിരുദ്ധപക്ഷത്തിൻ്റെ നീക്കം. നിർണായകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ട സമയത്ത് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അതിനാലാണ് യോഗം വിളിച്ചതെന്നും സി.കെ.നാണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. യഥാർഥ ജെഡിഎസ് ആരെന്ന് സ്ഥാപിക്കാനും ദേവഗൗഡയ്ക്കും മകനും കർണാടക സംസ്ഥാന അധ്യക്ഷനുമായ കുമാരസ്വാമിക്കുമെതിരെ നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് സി.കെ. നാണുവിന്റെയും സി.എം. ഇബ്രാഹിമിന്റെയും നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കം.

ദേശീയ നേതൃത്വത്തിന് തിരിച്ചടി നൽകുന്നതോടൊപ്പം സംസ്ഥാനത്തും യഥാർഥ ജനതാദൾ തങ്ങളാണെന്ന് സ്ഥാപിക്കാനാണ് സി.കെ.നാണു വിഭാഗത്തിൻ്റെ ശ്രമം. അതുകൊണ്ട് തന്നെ യോഗം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസിനെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയേയുമാണ്. ഒരേ സമയം ദേശീയ നേതൃത്വത്തിനെതിരെയും സംസ്ഥാന ഘടകത്തിനെതിരെയുമുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കേരളത്തിൽനിന്നുള്ള ദേശീയ നിർവാഹക സമിതി അംഗങ്ങളാരും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന നിലപാടിലാണ് സംസ്ഥാന ഘടകം. സംസ്ഥാന നേതാക്കളാരും യോഗത്തിൽ പങ്കെടുക്കരുതെന്നും സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയുമായി കൈകോർക്കാനുള്ള ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തെ എതിർക്കുന്നവരെയെല്ലാം യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് സി.കെ.നാണു പറഞ്ഞു. സമാന നിലപാടുള്ള ദേശീയ നേതാക്കളും സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും യോഗത്തിൽ പങ്കെടുക്കുമെന്നാണ് തൻ്റെ പ്രതീക്ഷ. കാലാകാലങ്ങളായി ജനതാദൾ സ്വീകരിച്ചുവന്ന നിലപാടുകൾക്ക് എതിരാണ് ബിജെപിയോടൊപ്പം ചേരാനുള്ള ദേവഗൗഡയുടെ തീരുമാനം. ഇതിനെതിരെ അന്തിമ നിലപാട് കൈക്കൊള്ളും മുന്‍പ് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന ബോധ്യത്തിൽ നിന്നാണ് യോഗം വിളിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാന നേതൃത്വത്തിനെയും യോഗത്തിൻ്റെ കാര്യങ്ങൾ അറിയിക്കുകയും സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അവർ പങ്കെടുക്കുമോ ഇല്ലയോ എന്നറിയില്ല. യോഗം വിളിച്ചിരിക്കുന്നത് വ്യക്തിപരമായ നേട്ടത്തിനല്ല. സംസ്ഥാന ഘടകങ്ങളോടും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരോടും ആലോചിക്കാതെ ദേവഗൗഡയുടെ നേതൃത്വത്തിൽ എടുത്ത ഏകപക്ഷീയ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നവരുടെ കൂട്ടായ്മയാണ് വിളിച്ച് ചേർത്തിരിക്കുന്നത്. അതിൻ്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെപ്പറ്റി തനിക്ക് ചിലത് പറയാനുണ്ടെന്നും ഇപ്പോൾ അതിന് മുതിരുന്നില്ലെന്നും സി.കെ.നാണു മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി. കർണാടകയിൽ നിന്നുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽനിന്നും ദേവഗൗഡ – ബിജെപി വിരുദ്ധ മനസുള്ളവർ യോഗത്തിനെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനതാദൾ ദേശീയ നിർവാഹകസമിതി എന്ന പേരിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിന് സംസ്ഥാന കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു ടി തോമസ് രംഗത്ത് വന്നതോടെയാണ് കേരള ഘടകത്തിൽ വീണ്ടുമൊരു പിളർപ്പിൻ്റെ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാന നേതൃത്വത്തിൽ ആലോചിച്ചല്ല ഇത്തരമൊരു യോഗംവിളിച്ചതെന്നും അതുകൊണ്ടാണ് അതുമായി സഹകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നുമാണ് വിശദീകരണം.

ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ദേശീയഘടകവുമായുള്ള ബന്ധം വേർപെടുത്തിയാണ് എൽഡിഎഫിൽ തുടരുന്നതെന്നാണ് ജെഡിഎസ് സംസ്ഥാന ഘടകം ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍ കേരളഘടകം സാങ്കേതികമായി ഇപ്പോഴും ദേവഗൗഡ നേതൃത്വം നൽകുന്ന ജെഡിഎസിൻ്റെ ഭാഗമാണ്. ഇടതു മുന്നണിയിൽ തുടരാൻ സംസ്ഥാന ഘടകം സ്വീകരിച്ച അതേ വാദം തന്നെ ദേശീയ നിർവാഹക സമിതി വിളിച്ചു ചേർത്ത സി.കെ.നാണു വിഭാഗവും ഉയർത്തുന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

യോഗം വിളിക്കാൻ സി.കെ.നാണുവിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദേവഗൗഡയും നേതാക്കൾക്കും സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന യോഗം പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ സെക്രട്ടറി ജനറൽ കെ.ആർ.ശിവകുമാർ വാർത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള നിർവാഹക സമിതി അംഗങ്ങളായ മാത്യു ടി തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും യോഗത്തിൽ പങ്കെടുത്താൽ അച്ചടക്ക നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. ഇരുവരുടെയും നിയമസഭാംഗത്വമുൾപ്പെടെ നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് യോഗത്തിനെതിരെ സംസ്ഥാന ഘടകം നിലപാടെടുത്തിരിക്കുന്നതെന്നാണ് സൂചന. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സി.കെ.നാണുവിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്ത് വന്നാൽ അത് സംസ്ഥാന ഘടകത്തിന് തിരിച്ചടിയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top