പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തും; ജർമനിയിൽനിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്തു; എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ കർണാടക ഹാസൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ജർമനിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മ്യൂണിക്കിൽനിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രി 12.30 ഓടെ ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തും. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കാനാണ് നീക്കം.

പ്രജ്വല്‍ നാട്ടില്‍ വരാതെ വിദേശത്ത് തങ്ങുന്നതിനെതിരെ പൊട്ടിത്തെറിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനും പ്രജ്വലിന്റെ മുത്തശ്ശനുമായ എച്ച്.ഡി.ദേവഗൗഡ രംഗത്തു വന്നിരുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ പ്രജ്വല്‍ നാട്ടില്‍ എത്തിയേ തീരുവെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതോടെ താന്‍ ഉടന്‍ നാട്ടിലെത്തുമെന്ന് വീഡിയോ സന്ദേശത്തില്‍ പ്രജ്വല്‍ വ്യക്തമാക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് പ്രജ്വൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് പറയുന്നത്. നേരത്തേ രണ്ടുതവണയും നാട്ടിലേക്കു വരുന്നുവെന്ന് പറഞ്ഞെങ്കിലും യാത്ര റദ്ദാക്കിയിരുന്നു.

പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചതോടെയാണ് ദേവഗൗഡയുടെ കൊച്ചുമകന്‍റെ മനംമാറിയത്. പാസ്പോര്‍ട്ട് റദ്ദായാല്‍ പിന്നെ ജര്‍മനിയില്‍ പ്രജ്വലിനു തുടരാന്‍ കഴിയുമായിരുന്നില്ല. പ്രജ്വല്‍ ഉള്‍പ്പെട്ട നിരവധി ലൈംഗികാതിക്രമ വീഡിയോകളാണ് കര്‍ണാടകയില്‍ പ്രചരിച്ചത്. ഇരകള്‍ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. കേസ് വന്നതോടെ അറസ്റ്റിന് മുന്‍പ് എംപി വിദേശത്തേക്ക് മുങ്ങി. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ട് പ്രജ്വലിനെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

അതേസമയം പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി.രേവണ്ണക്കെതിരെയും സര്‍ക്കാര്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ കേസിലും മറ്റൊരു ലൈംഗികാതിക്രമക്കേസിലും പ്രതിയാണ് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി മേയ് 31ന് പരിഗണിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top