‘എന്റെ ക്ഷമ പരീക്ഷിക്കരുത്’ പ്രജ്വലിന് താക്കീതുമായി ദേവഗൗഡ; എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം; വൈകിയാല്‍ കുടുംബം ഒറ്റക്കെട്ടായി എതിര് നില്‍ക്കും
ബെംഗളൂരു: ലൈംഗികാതിക്രമ കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് സ്ഥാപകന്‍ ദേവഗൗഡ. ‘എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. എന്റെ ക്ഷമ പരീക്ഷിക്കരുത്’ എന്നാണ് പാര്‍ട്ടി ലെറ്റര്‍ഹെഡില്‍ എഴുതിയ ശക്തമായ കത്തില്‍ മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
കുറ്റക്കാരന്‍ എന്ന് കണ്ടാല്‍ ഏറ്റവും കൂടിയ ശിക്ഷ പ്രജ്വലിന് നല്‍കണമെന്നും ‘പ്രജ്വല്‍ രേവണ്ണയ്ക്ക് എന്റെ താക്കീത് ‘ എന്ന തലക്കെട്ടിലുള്ള പ്രസ്താവനയില്‍ ദേവഗൗഡ വ്യക്തമാക്കി. പ്രജ്വലിന്റെ പിതൃസഹോദരനും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പ്രജ്വൽ രേവണ്ണയോട് പരസ്യാഭ്യർഥന നടത്തുകയാണ് കുമാരസ്വാമി ചെയ്തത്. കുടുംബത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്.
തന്റെ കൊച്ചുമകനായ പ്രജ്വല്‍ ഒളിവില്‍ പോയി 27 ദിവസം കഴിഞ്ഞാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദ് ചെയ്യാനുള്ള നീക്കം നടക്കുന്ന ഘട്ടത്തിലാണ് ദേവഗൗഡ രംഗത്തുവന്നത്. “ഇത്തരം കാര്യങ്ങള്‍ താന്‍ അറിഞ്ഞുവെങ്കില്‍ അത് തടയുമായിരുന്നു. പ്രജ്വല്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം. ഇനിയും തിരികെ വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിന് എതിരെ നില്‍ക്കും. കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാട്.” – ദേവഗൗഡ എഴുതുന്നു.
പ്രജ്വല്‍ ഉള്‍പ്പെട്ട നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ പുറത്തെത്തിയതോടെയാണ് ഹാസനിലെ സിറ്റിംഗ് എംപിയും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ വിദേശത്തേക്ക് കടന്നത്. പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് അടിയന്തരമായി കണ്ടുകെട്ടണം എന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിട്ടുണ്ട്. ഈ കാര്യം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് മോദിക്ക് സിദ്ധരാമയ്യ കത്തയക്കുന്നത്.
പ്രജ്വലിന്റെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പിതാവായ ജെഡിഎസ് എംഎൽഎ എച്ച്.ഡി.രേവണ്ണയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന രേവണ്ണ ഇപ്പോള്‍ ജാമ്യത്തിലാണ്.
നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. ചില സ്ത്രീകള്‍ പരാതി നല്‍കിയതോടെ ഏപ്രില്‍ 27 നാണ് വിദേശത്തേക്ക് കടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here