നാണു പുറത്ത്; ജെഡിഎസ് കേരള ഘടകത്തെ തള്ളാതെ ദേവഗൗഡ
ബംഗളൂരു: ജനതാദൾ എസ് (ജെഡിഎസ്) ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി.
വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കലെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. സി.എം. ഇബ്രാഹിം സി.കെ. നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി കാലാകാലങ്ങളായി തുടരുന്ന ആശയത്തിൽ നിന്നും ആദർശത്തിൽ നിന്നും വ്യതിചലിച്ചപ്പോൾ അത് ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്ന് സി.കെ.നാണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “ഞാൻ പാർട്ടി തീരുമാനങ്ങൾ അനുസരിക്കുന്ന ഒരാളാണ്. പാർട്ടി തീരുമാനങ്ങളെ എതിർക്കാറില്ല. എന്നാൽ ജനതാദൾ കാലാകാലങ്ങളായി സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഒരു വിഭാഗം പാർട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത എനിക്കുണ്ട്. അത് മാത്രമാണ് ഞാൻ ചെയ്തത്. പാർട്ടിയുടെ ആശയങ്ങളെയും ആദർശങ്ങളെയും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഒരാൾക്കുപോലും എതിരെ ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ പിന്നീട് വിശദീകരിക്കും”- സി.കെ നാണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഡിസംബർ 11-ന് സി.കെ. നാണു ദേശീയ വൈസ് പ്രസിഡന്റ് പദവി ഉപയോഗിച്ച് ജെഡിഎസ് ദേശീയ എക്സിക്യൂട്ടിവ് യോഗം വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. വിളിച്ചിട്ടുണ്ട്. സി.എം. ഇബ്രാഹിമിന്റെ ആശീര്‍വാദത്തോടെയാണ് യോഗം വിളിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തിൻ്റെ ആരോപണം. കര്‍ണാടക മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ നേരത്തെ പുറത്താക്കിയിരുന്നു. കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് നിലപിൽ മുന്നോട്ടുപോകുന്നതെന്ന് ദേവഗൗഡ യോഗത്തില്‍ ആവര്‍ത്തിച്ചു. ജനുവരിയോടെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി പുനസംഘടന നടത്തി പുതിയ കമ്മിറ്റികൾ രൂപീകരിക്കാനാണ് ദേവഗൗഡ പക്ഷത്തിൻ്റെ നീക്കമെന്നാണ് വിവരം.
അതേസമയം, പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തേയോ ദേശീയ നേതാക്കളെയോ അറിയിക്കാതെയാണ് നാളത്തെ യോഗം ഗൗഡ വിളിച്ചിരിക്കുന്നതെന്നാണ് കേരള ഘടകം നേതാക്കളുടെ പ്രതികരണം. ഗൗഡയുടെ മീറ്റിംഗിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ്, മന്ത്രി കൃഷ്ണൻകുട്ടി, ജോസ് തെറ്റയിൽ തുടങ്ങിയ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. ഈ മാസം 11 ന് സി.എം.ഇബ്രാഹിം വിളിച്ച യോഗത്തെപ്പറ്റിയും അറിയിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് നേതാക്കളുടെ പ്രതികരണം. എന്നാൽ ഇബ്രാഹിം വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് സി.കെ.നാണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here