മണിപ്പൂർ കാണാത്ത മോദിയുടെ ലോകസമാധാന ശ്രമത്തിനെതിരെ ലത്തീൻസഭ; പള്ളി കത്തിക്കുന്നതും ക്രൈസ്തവരെ പീഡിപ്പിക്കുന്നതും കാണുന്നില്ലേയെന്ന് ‘ജീവനാദം’
ലോകസമാധാനത്തിൻ്റെ മധ്യസ്ഥ്യവേഷവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനത്തിലാണെന്ന പരിഹാസവുമായി ലത്തീൻ കത്തോലിക്കാ സഭാ മുഖപത്രം ജീവനാദം. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മോദിയെ ഒരുവട്ടം മണിപ്പൂരിലേക്കൊന്ന് പറഞ്ഞയക്കണമെന്ന് പത്രം രാഷ്ട്രപതിയെ ഉപദേശിക്കുന്നുമുണ്ട്. ഈയാഴ്ച പുറത്തിറങ്ങിയ മാസികയുടെ മുഖപ്രസംഗത്തിലാണ് മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്. ‘മണിപ്പൂരിനെ വീണ്ടെടുക്കാൻ’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ കേന്ദ്ര- സംസ്ഥാന സർക്കാരുടെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നുണ്ട്.
“വംശീയ കലാപത്തില്‍ 265 പേര്‍ കൊല്ലപ്പെടുകയും, ആയിരത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും, 32 പേരെ കാണാതാവുകയും, ഒരുലക്ഷത്തിലേറെ പേര്‍ക്ക് വാസസ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവരികയും, ഒന്നരവര്‍ഷമായി 351 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,000 കുട്ടികള്‍ അടക്കം 60,000 പേര്‍ ദുരിതജീവിതം നയിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടും അജ്ഞാത കാരണങ്ങളാല്‍ രാജ്യത്തെ പ്രധാനമന്ത്രി ഇന്നേവരെ മണിപ്പൂരിലെ ജനങ്ങളെ ആശ്വസിപ്പാന്‍ അവിടെ കാലുകുത്തിയിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടുവട്ടം ഇംഫാല്‍ സന്ദര്‍ശിച്ചു. മോദിയാകട്ടെ, 2022 ഫെബ്രുവരി 22നുശേഷം ആ ഭാഗത്തേക്കു കടന്നിട്ടില്ല.
റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്‍പായിരുന്നു അവസാനത്തെ സന്ദര്‍ശനം. മോദി പിന്നീട് റഷ്യയും യുക്രെയ്നും സന്ദര്‍ശിക്കുകയും അവിടെ സമാധാനത്തിനായി ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്തു. ചൈനയും മ്യാന്‍മറും ബംഗ്ലാദേശും അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഈ കൊച്ചു സംസ്ഥാനം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി കാണാന്‍ കഴിയാത്ത മട്ടില്‍ ഇത്രത്തോളം നിസംഗത പുലര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് കഴിയുന്നതെങ്ങനെ? മണിപ്പൂരില്‍ കലാപം രൂക്ഷമായ ഈഘട്ടത്തിലും മോദി വിദേശപര്യടനത്തിലാണ്, ലോകസമാധാനത്തിന്റെ മാധ്യസ്ഥ്യവാഴ്വില്‍.” മാസികയുടെ വിമർശനം ഈ മട്ടിലാണ് തുടരുന്നത്.
ക്രൈസ്തവ വിശ്വാസികളായ കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ഏറെയും അക്രമത്തിന് വിധേയരായിട്ടുള്ളത്. സംസ്ഥാനത്തെ ഗോത്രവർഗക്കാരായ ക്രൈസ്തവരെ മ്യാൻമറിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായും ലഹരി ഇടപാടുകാരായും മുദ്രകുത്തി അമൂല്യ ധാതുസമ്പത്തുള്ള വനമേഖല കോർപറേറ്റ് താല്പര്യങ്ങൾക്കായി പിടിച്ചെടുക്കാനുള്ള ഗൂഢതന്ത്രങ്ങളും ഇതോടൊപ്പം പയറ്റുന്നുണ്ട്. മണിപ്പൂരിലെ ഭരണത്തകർച്ചയും ഭരണഘടനാ സംവിധാനത്തിന്റെ പൂർണ പരാജയവും മുൻ നിർത്തി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാൻ പ്രസിഡന്റിന് ഗവർണറുടെ റിപ്പോർട്ട് പോലും ആവശ്യമില്ലെന്നും ജീവനാദം ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ ഒരു ന്യൂനപക്ഷ ക്രൈസ്തവ വിഭാഗത്തെ വിദേശികളും നുഴഞ്ഞുകയറ്റക്കാരും നാര്‍ക്കോ-ഭീകരരുമെന്ന് മുദ്രകുത്തി വിദ്വേഷപ്രചാരണത്തിലൂടെ അപരവത്കരിച്ച് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, പൊലീസിന്റെ ആയുധപ്പുരകളില്‍ അതിനൂതന ആയുധങ്ങള്‍ കവര്‍ന്നെടുക്കാനും കുക്കി ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കാനും മറ്റും മെയ്തെയ് സായുധസംഘങ്ങള്‍ക്ക് ആവശ്യമായ പൊലീസ് കമാന്‍ഡോ സഹായവും നിയമസംരക്ഷണവും നല്‍കി ‘വംശീയ കലാപം’ ആസൂത്രണം ചെയ്തതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് മണിപ്പൂര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെയും സുപ്രീം കോടതിയിലും എത്തിയിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ ജീവനാദം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ ക്രൈസ്തവരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്ന് തന്നെ ലത്തീൻ സഭാ മാസിക കുറ്റപ്പെടുത്തുന്നു. കേരളത്തിൽ ബിജെപി ക്രൈസ്തവ സഭകളുമായി അടുപ്പം സ്ഥാപിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കേക്കുമായി ബിജെപി നേതാക്കൾ സഭാ നേതാക്കളെ സന്ദർശിച്ചിരുന്നു. പക്ഷേ, മണിപ്പൂരിലെ അതിക്രമങ്ങളെ തള്ളിപ്പറയാനോ, ബീരേൻ സിംഗ് സർക്കാരിൻ്റെ പിടിപ്പുകേടിനെ വിമർശിക്കാനോ കെ സുരേന്ദ്രനോ മറ്റ് നേതാക്കളോ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനിടയിലാണ് മുനമ്പത്ത് സമരം നടത്തുന്ന ക്രൈസ്തവ വിശ്വാസികൾക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചത്. പക്ഷേ ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ വോട്ടുകളിൽ ചലനമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here