ഭയമുണ്ടെന്ന് ജിയോ ബേബി; ‘രാജ്യത്ത് പലതരം സെൻസർഷിപ്പുകൾ, കലാകാരന്മാര്‍ ജയിലിലാകാന്‍ സാധ്യതയുണ്ട്’
ഇന്ത്യയില്‍ സിനിമകള്‍ പലതരം സെന്‍സര്‍ഷിപ്പുകളിലൂടെ കടന്നു പോകുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. കലാകാരന്മാര്‍ അവരുടെ സര്‍ഗ സ്വാതന്ത്ര്യത്തിനു വേണ്ടി നിലനില്‍ക്കണമെന്നും ജിയോ ബേബി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ എനിക്ക് ഭയം തോന്നുന്നുണ്ട്. മതപരവും രാഷ്ട്രീയവുമായ സെന്‍സറിങ്ങിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഇത് സിനിമാക്കാരെ മാത്രമല്ല, എല്ലാതരം കലാകാരന്മാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പോരാട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. അടുത്തിടെ ഒരു തമിഴ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിച്ചതു പോലെ. നമ്മളെന്തോ കുറ്റം ചെയ്തുവെന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമാണത്. അത്തരം വിട്ടുവീഴ്ചകൾ സിനിമക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ല,’ ജിയോ ബേബി പറയുന്നു.
ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തണമെന്നും അല്ലെങ്കില്‍ വരുംകാലങ്ങളില്‍ ഒരുപാടുപേർ കലയുടെ പേരില്‍ ജയിലില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ജിയോ ബേബി പറഞ്ഞു. എന്നാല്‍ ഒരുമിച്ചു പോരാടിയാല്‍ നാം ജയിക്കുമെന്നും കലയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here