ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; വ്യാഴാഴ്ചകളില്‍ മകള്‍ക്ക് രഹസ്യപ്രാര്‍ത്ഥന; അജ്ഞാത സുഹൃത്തിന്റെ ഫോട്ടോ കയ്യിലുണ്ട്; സിബിഐ ഉദ്യോഗസ്ഥനോട്‌ ഹാജരാകാന്‍ കോടതി

തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ദുരൂഹമായ രീതിയില്‍ കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സിബിഐതയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണം.

രഹസ്യസ്വഭാവത്തോടെ അന്വേഷിക്കാൻ തയ്യാറായാൽ സിബിഐക്ക് അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ജെയിംസ് ജോസഫ് വ്യക്തമാക്കുന്നു. ദുരൂഹതയൊന്നുമില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോർട്ട് തള്ളണമെന്നാണ് ആവശ്യം. സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഈ മാസം 19ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തിലെ നിലപാട് സിബിഐ അറിയിച്ചേക്കും.

സിബിഐ സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണ്. സിബിഐ പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. ജസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സിബിഐ ശ്രമിച്ചില്ല. ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല.

ജസ്‌നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയില്ല. ജെയിംസ് ജോസഫ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സിബിഐ പ്രോസിക്യൂട്ടർക്കായിരുന്നില്ല. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് ജസ്നയെകാണാതാകുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും സിബിഐയും അന്വേഷിച്ചിട്ടും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഒരു വ്യക്തതയും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top