ജെസ്ന ഗര്‍ഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല; പിതാവിന്‍റെ ആരോപണങ്ങള്‍ക്ക് കോടതിയില്‍ വിശദീകരണം നല്‍കി സിബിഐ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം സിബിഐക്ക് ലഭിച്ചിട്ടില്ലെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം പോലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നിപുണ്‍ ശങ്കർ കോടതിയില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ചില്ലെന്ന് അച്ഛന്‍ ജെയിംസ് ജോസഫ് തടസവാദം ഉന്നയിച്ചതോടെയാണ് കോടതി സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടത്.

അത്തരമൊരു വസ്ത്രം വീട്ടില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ടെങ്കില്‍ അത് റെക്കോര്‍ഡുകളിൽ ഉണ്ടാകേണ്ടതാണ്. എന്നാല്‍ രേഖകളില്‍ അത് കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതായും ജെസ്ന ചികിത്സ തേടിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായും സിബിഐ പറഞ്ഞു. രക്തം പുരണ്ട വസ്ത്രം ജെസ്ന കഴുകിയത് സഹോദരി കണ്ടതായി മൊഴിയുണ്ട്. ജെസ്ന മരിച്ചതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ജെസ്നയുടെ തിരോധാന കേസില്‍ സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് അച്ഛന്‍ ജെയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജെസ്നയുടെ സഹപാഠിയായ സുഹൃത്തല്ല, മറ്റൊരു സുഹൃത്താണ് ഇതിനുപിന്നില്‍. അയാളെ കുറിച്ച് താന്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ജെയിംസ് വ്യക്തമാക്കി. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതായത്. ഇതുപോലെ പല വ്യാഴാഴ്ചകളില്‍ ജെസ്ന കോളജില്‍ എത്താത്ത ദിവസങ്ങള്‍ ഉണ്ടെന്നും ജെയിംസ് പറഞ്ഞു.

പത്തനംതിട്ട മുക്കൂട്ടുതറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും സിബിഐയും അന്വേഷിച്ചിട്ടും ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഒരു വ്യക്തതയും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top