മുണ്ടക്കയത്തെ സിസിടിവിയിൽ കണ്ടത് ജെസ്ന അല്ല; കണമലയിലേത് ജെസ്ന തന്നെ; തച്ചങ്കരിയുടെയും മൊഴിയെടുത്ത് സിബിഐ

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ ഏറെക്കാലം കേരള പോലീസ് ആശ്രയിച്ച സിസിടിവി ദൃശ്യത്തിൽ കണ്ടത് ജെസ്ന അല്ലെന്ന് സിബിഐ തിരിച്ചറിഞ്ഞു. മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ടൌണിലൂടെ നടന്നുപോകുന്നതായി കാണുന്നത് മറ്റേതോ പെൺകുട്ടിയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ച് ഉറപ്പിച്ചു. അതേസമയം കണമല സർവീസ് സഹകരണ ബാങ്കിൻ്റെ സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത് ജെസ്ന തന്നെയായിരുന്നു. ശിവഗംഗ എന്ന സ്വകാര്യ ബസിൽ ജെസ്ന മുണ്ടക്കയത്തേയ്ക്ക് പോകാനാണ് കയറിയത്. ഈ സൂചന പിന്തുടർന്ന് തക്കസമയത്ത് അന്വേഷിച്ചെങ്കിൽ ജെസ്നയെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞേനെ എന്നാണ് സിബിഐയുടെ നിഗമനം. ഇക്കാരണത്താലാണ് പോലീസിൻ്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് കരുതുന്നത്. വാർത്തകൾ പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷം മാത്രമാണ് അന്വേഷണം ഊർജിതമായത്.
ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയിൽ നിന്ന് സിബിഐ അന്വേഷണാർത്ഥം ഓൺലൈനായി മൊഴിയെടുത്തിരുന്നു. ജെസ്ന എവിടെയുണ്ട് എന്ന കാര്യത്തിൽ കൃത്യം വിവരമുണ്ടെന്ന് അദ്ദേഹം മുൻപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ ഒരു മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി കൊടുക്കുക മാത്രമാണ് ഉണ്ടായതെന്ന് വിശദീകരിച്ച് തച്ചങ്കരി തടിതപ്പുകയായിരുന്നു.
സത്യസരണി ഉൾപ്പെടെയുള്ള മതപരിവർത്തന കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തിയെങ്കിലും മതപരിവർത്തനവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ജെസ്നയുടെ തിരോധാനത്തിൽ തീവ്രവാദ സംഘങ്ങളെ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെസ്ന ജീവനോടെയുണ്ടാകാം; കണ്ടെത്താൻ കഴിയുന്നില്ല എന്ന സാഹചര്യം മാത്രമാണ് അന്വേഷണം അവസാനിപ്പിക്കാനായി പറഞ്ഞിട്ടുള്ളൂ എന്നാണ് സിബിഐയുടെ നിലപാട്. കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇൻ്റർപോൾ മുഖേന പ്രസിദ്ധീകരിച്ച യെല്ലോ നോട്ടീസ് നിലനിർത്തിയിട്ടുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here