വീണ്ടും ചികിത്സാനുമതി തേടി ഗോയല്‍; സ്വകാര്യ ആശുപത്രിയില്‍ എൻഡോസ്കോപ്പി ചെയ്യണമെന്ന് ആവശ്യം
മുംബൈ: സ്വകാര്യ ആശുപത്രിയില്‍ എൻഡോസ്കോപ്പി ചെയ്യാൻ അനുമതി തേടി ജെറ്റ് എയര്‍വേയ്സ് ഉടമ നരേഷ് ഗോയല്‍ കോടതിയിൽ. കള്ളപ്പണകേസില്‍ അറസ്റ്റിലായി നാലുമാസമായി മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന ഗോയൽ തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞയാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു. അപേക്ഷയിൽ വിശദീകരണം അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ആവശ്യപ്പെട്ടു. കാനറാ ബാങ്കിൻ്റെ പരാതിയിൽ നാലുമാസം മുൻപ് എൻഫോഴ്സ്മെൻ്റ് അറസ്റ്റ് ചെയ്ത ഗോയൽ അതുമുതൽ ജുഡീഷ്യൽ കസ്റ്റിയിലാണ്. ജയിലിൽ മരിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് രണ്ടാഴ്ച മുൻപ് ആവശ്യപ്പെട്ടതോടെയാണ് ഗോയലിൻ്റെ ദയനീയസ്ഥിതി ചർച്ചയായത്.
സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായ ഗോയലിന് എൻഡോസ്കോപ്പി ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ആണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുമ്പോൾ പ്രതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബോധ്യപ്പെട്ട കോടതി, ജനുവരി 10 മുതൽ 12 വരെ സ്വകാര്യ ഡോക്ടര്‍മാരെ കാണാന്‍ അനുമതി നല്‍കിയിരുന്നു. ചികിത്സയ്ക്കായി കൊണ്ടുപോകുന്ന ജെ.ജെ. ആശുപത്രിയിലെ തിരക്കും അസൗകര്യങ്ങളും ശരിയായ പരിശോധനയ്ക്കും തുടര്‍ പരിചരണത്തിനും തടസ്സമാണെന്ന് പ്രതി ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സാനുമതി നല്‍കിയത്.
ക്യാന്‍സര്‍ രോഗിയായ ഭാര്യ അനിത ഗോയലിനെ ജനുവരി 13ന് സന്ദര്‍ശിക്കാനും കോടതി അനുവദിച്ചിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മുംബൈ പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെയാണ് ജനുവരി 9ന് അനുമതി നൽകിയത്.
എൻഫോഴ്സ്മെൻ്റ് കേസിൽ ഗോയലിനെക്കൂടാതെ, ഭാര്യ അനിത, ജെറ്റ് എയർവേയ്‌സിന്റെ മുൻ എക്‌സിക്യൂട്ടീവുകൾ തുടങ്ങിയവർ പ്രതികളാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് കേസ്. ജെറ്റ് എയര്‍വേസിന് വായ്പയായി നല്‍കിയ 848 കോടി രൂപയിൽ 538 കോടി രൂപ തിരികെ കിട്ടാനുണ്ട് എന്നാണ് കാനറാ ബാങ്കിൻ്റെ പരാതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here