ജയിലില്‍ കഴിയുന്ന ഗോയലിന് ഭാര്യയെ കാണാം; ‘ജെറ്റ്’ ഉടമയ്ക്ക് മാനുഷിക പരിഗണന നല്‍കി കോടതി

മുംബൈ: കഴിഞ്ഞ വര്‍ഷം മുതല്‍ നാല് മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെറ്റ് എയര്‍ലൈന്‍സ് ഉടമ നരേഷ് ഗോയലിന് ഭാര്യയെ കാണാന്‍ അനുമതി. കാന്‍സര്‍ രോഗത്തിന്റെ അവാസാന സ്റ്റേജില്‍ കഴിയുന്ന ഭാര്യ അനിതയെ ജനുവരി 13ന് സന്ദര്‍ശിക്കാം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മുംബൈ പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് ജനുവരി 9ന് അനുമതി നൽകിയത്.

ശാരീരിക അസ്വാസ്ഥ്യം മൂലം കഷ്ടപ്പെട്ടിരുന്ന ഗോയലിന് ജനുവരി 10 മുതൽ 12 വരെ സ്വകാര്യ ഡോക്ടര്‍മാരെ കാണുവാനും അനുവദിച്ചു. കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഗോയല്‍ തന്റെ ആരോഗ്യസ്ഥിതി വൈകാരികമായി കോടതിയില്‍ പറഞ്ഞത്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു, ജയിലില്‍ മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

“പ്രതിയുടെ ഏകമകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അമ്മയെ പരിചരിക്കാന്‍ പ്രയാസമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിയും ഭാര്യയും അനാഥരാണ്. അതിനാല്‍ രോഗിയായ ഭാര്യയെ ഒരിക്കല്‍ എങ്കിലും കാണണമെന്ന ആവശ്യം സ്വാഭാവികമാണ് ” ജഡ്ജി പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇഡിക്ക് അവരുടെ പ്രതിനിധിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു.

കാനറ ബാങ്കിനെ 538 കോടി തട്ടിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഗോയൽ അതുമുതൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കാനറ ബാങ്കിൻ്റെ പരാതിയില്‍ ഗോയൽ, ഭാര്യ അനിത, ജെറ്റ് എയർവേയ്‌സിന്റെ മുൻ എക്‌സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഇ.ഡി കേസെടുത്തത്. 848 കോടി രൂപ തങ്ങള്‍ ജെറ്റ് എയര്‍വേസിന് വായ്പ നല്‍കിയെന്നും ഇതില്‍ 538 കോടി രൂപ തിരികെ കിട്ടാനുണ്ടെന്നുമാണ് പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top