മുഖ്യന്ത്രിയെ കാണാനില്ല; ഹേമന്ത് സോറൻ ഒളിവിലെന്ന് ഇ.ഡി, ഡല്‍ഹിയിലും ജാർഖണ്ഡിലും തിരച്ചില്‍

ഡല്‍ഹി: ഇ.ഡി. റെയ്ഡിനും ചോദ്യംചെയ്യലുകള്‍ക്കും പിന്നാലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഒളിവില്‍. സോറന്‍ എവിടെ എന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ അടക്കം വിവരമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് ഇ.ഡി. ഡൽഹി പോലീസിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമര്‍പ്പിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം സോറന്‍ വസതിയില്‍ നിന്നും ഒളിവില്‍ പോയത്. സോറന്‍റെ സംരക്ഷണചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ റാഞ്ചിയിലേക്ക് തിരിച്ചുപോയി. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥന്‍റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മുഖ്യമന്ത്രി എവിടെയാണെന്ന ഇഡിയുടെ ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് മന്ത്രിമാരും കുടുംബാംഗങ്ങളും നല്‍കിയത്. ഹേമന്ത് സോറന്‍റെ ബിഎംഡബ്ല്യു കാർ കഴിഞ്ഞ ദിവസം ഡൽഹിയിലെ വസതിയിൽ നിന്ന് ഡ്രൈവറെ സഹിതം ഇ.ഡി. കൊണ്ടുപോയിരുന്നു.

ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നു. ഇ.ഡി. സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ ചോദ്യം ചെയ്യലിനായി എട്ടാം തവണയാണ് ഹേമന്ത് സോറന് ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.

മുന്‍പ് ഏഴ് തവണ സമന്‍സ് നല്‍കിയപ്പോഴും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത് സോറൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ ഏകദേശം 50 കോടിയിലധികം വരുന്ന സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top