മലയാളി അച്ചന് ‘ബംഗാളി’ കപ്യാര്‍; ചാത്തങ്കരി മാര്‍ത്തോമ പള്ളിയിലെ ശുശ്രൂഷകന്‍ അതിഥി തൊഴിലാളി, കേരളത്തില്‍ ഇതാദ്യം

സോന ജോസഫ്‌

തിരുവല്ല: പല തൊഴിലുകള്‍ മലയാളികള്‍ ഉപേക്ഷിച്ച പോലെ കപ്യാര്‍ ജോലിക്കും പള്ളികളില്‍ ആളില്ലാതായിരിക്കുകയാണ്. പതിവുപോലെ ഈ സ്ഥാനവും അതിഥി തൊഴിലാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ ഇതാദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.

ഝാർഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍നയാണ് തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ്‌. പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ കപ്യാരായി ജോലി ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രകാശാണ് നൂറ്റിയിരുപതിലധിക്കം വര്‍ഷം പഴക്കമുള്ള പള്ളിയിലെ ഇടവക ശുശ്രൂഷകന്‍. ഝാർഖണ്ഡില്‍ പ്രകാശിന്‍റെ കുടുംബം വര്‍ഷങ്ങളായി ക്രൈസ്തവമത വിശ്വാസികളാണ്. പ്രകാശിന്‍റെ താത്പര്യപ്രകാരം ഭാര്യയും മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഒഡീഷ സ്വദേശിനിയായ വിനീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ വന്‍തോതിലുള്ള കുടിയേറ്റവും ജനസംഖ്യാ കുറവും പള്ളികളുടെ ദൈനംദിന പ്രവത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തന്‍റെ ഇടവകാംഗങ്ങളില്‍ ആര്‍ക്കുംതന്നെ ഇടവക ശുശ്രുഷകനാകാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് പ്രകാശിനെ ഈ പദവിയിലേക്ക് നിയമിച്ചത്. മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല എന്നതൊഴിച്ചാല്‍ നടപ്പിലും പെരുമാറ്റത്തിലും പ്രകാശില്‍ കണ്ട വ്യത്യസ്തയാണ് കപ്യാര്‍ സ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് പള്ളി വികാരി എബ്രഹാം ചെറിയാന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ഉത്തമ ക്രൈസ്തവ വിശ്വസിയായിട്ടാണ് പ്രകാശും കുടുംബവും ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത ചെറുകഥാകൃത്ത് എബ്രഹാം മാത്യു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘തിരുവല്ല@2050’ എന്നൊരു കഥ എഴുതിയിരുന്നു. തിരുവല്ലയിലെ ഒരു ഇടവകയില്‍ ബംഗാളിയായ ഒരു വൈദികന്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആ കഥയുടെ സാരം. 2050 ആകുമ്പോഴേക്കും മലയാളികള്‍ ന്യൂനപക്ഷമാകുകയും ബംഗാളിയും നേപ്പാളിയും പള്ളികളില്‍ വൈദികരായി വരുമെന്നൊക്കെയായിരുന്നു കഥയില്‍ വിവരിച്ചിരുന്നത്. എന്നാല്‍ എബ്രഹാം മാത്യു സങ്കല്‍പ്പിച്ചതിനേക്കാള്‍ വേഗത്തില്‍ കാലം പാഞ്ഞുപോയി എന്നാണ് കപ്യാരായുള്ള പ്രകാശിന്‍റെ നിയമനം മലയാളികളെ ഓര്‍മിപ്പിക്കുന്നത്.

കപ്യാര്‍ പ്രകാശിനെക്കുറിച്ച് പറയുമ്പോള്‍ ഇടവക വികാരി എബ്രഹാം ചെറിയാന് നൂറ് നാവാണ്. ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഏത് ജോലി ചെയ്യാനും മടിയില്ല. ഇരുപതിനായിരം രൂപ ശമ്പളവും താമസിക്കാന്‍ വീടും നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ മൂത്ത മകന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന അങ്കിതിനെ മാര്‍ത്തോമ സഭയിലെ ഒരു വൈദികന്‍ ആക്കണമെന്നാണ് അയാളുടെ ആഗ്രഹമെന്ന് ഇടവക വികാരി പറഞ്ഞു. 285 കുടുംബങ്ങളുള്ള ഈ ഇടവകയിലെ എല്ലാവര്‍ക്കും പ്രകാശിന്‍റെ സേവനത്തില്‍ പൂര്‍ണ്ണ സംതൃപ്തിയാണ്.

‘തിരുവല്ല@2050’ എന്ന കഥയില്‍ എബ്രഹാം മാത്യു ഇങ്ങനെ എഴുതിയിട്ടുണ്ട്. “സഭയ്ക്ക് വൈദികക്ഷാമം കാര്യമായി ഉണ്ട്. 700 വൈദികര്‍ ഒരു കാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ എണ്‍പത്. പകുതിയില്‍ കൂടുതല്‍ പേര്‍ അന്യസംസ്ഥാനക്കാര്‍. അതിനെപ്പറ്റി കുറ്റം പറഞ്ഞവര്‍ക്ക് ബിഷപ്പ് മറുപടി കൊടുത്തത്രെ..- അതിനെന്താ കുഴപ്പം? മലയാളി തന്നെ യേശുവിന്‍റെ കാര്യം പറഞ്ഞാലേ വിശ്വാസം ഒറക്കത്തൊള്ളോ? യേശു എന്നതാ മലയാളിയാന്നോ?”

വരാനിരിക്കുന്ന കേരളത്തില്‍ ഇതൊന്നും സംഭവിക്കില്ലായെന്ന് ഉറപ്പിച്ച് പറയാനും ആവില്ല. പ്രവാസം വ്യാപകമായതിനെ തുടര്‍ന്ന് മാര്‍ത്തോമസഭയുടെ അംഗത്വത്തില്‍ ഗണ്യമായ കുറവുണ്ടായതായി സഭാ നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. ഈയടുത്ത കാലത്ത് മാര്‍ത്തോമക്കാരുടെ കുടിയേറ്റത്തെക്കുറിച്ച് സഭ തന്നെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി പള്ളികളില്‍ വിതരണം ചെയ്തിരുന്നു. ഈ അവസ്ഥ സഭ നേരിടുന്ന ഒരു കടുത്തപ്രതിസന്ധിയാണെന്ന് ഇടവക വികാരി എബ്രഹാം ചെറിയാന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top