ജിൽസ് അറസ്റ്റിൽ; കരുവന്നൂർ കേസിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണ്. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജിൽസിനെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഒന്നിച്ച് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡി നീക്കമെന്നാണ് ലഭിക്കുന്ന സൂചന. ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇഡി പ്രതികരിച്ചു.
ജിൽസിൻ്റെ അറസ്റ്റോടെ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിൽ എടുക്കുന്നവരുടെ എണ്ണം നാലായി. മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാർ, ഇടനിലക്കാരനായ പിപി കിരൺ കുമാർ എന്നിവരെയാണ് ഇഡി നേരത്തേ അറസ്റ്റ് ചെയ്തത്.
അതേ സമയം, ഇഡിയുടെ അടുത്ത ലക്ഷ്യം താനും എസി മൊയ്‌തീനുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എംകെ കണ്ണൻ പ്രതികരിച്ചു. പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എംകെ കണ്ണന്‍റെ പ്രതികരണം. തങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇഡി നീക്കമെന്നും കണ്ണൻ പറഞ്ഞു. ഈ മാസം 29 ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി എംകെ കണ്ണനോട് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here