33ലക്ഷം കോടിയുടെ ആസ്തിയോട് മുഖം തിരിച്ച ജിമ്മി; സമ്പന്നതയെ അവഗണിച്ച അപൂർവ മനുഷ്യൻ; ടാറ്റ കുടുംബത്തിൽ ഇങ്ങനെയും ചിലര്‍
സഹസ്രകോടിയുടെ ആസ്തിയുള്ള ടാറ്റ വ്യവസായ കുടുംബത്തിലെ കാരുണ്യത്തിൻ്റെ മുഖമായിട്ടായിരുന്നു അന്തരിച്ച രത്തൻ ടാറ്റയെ ലോകം വിലയിരുത്തിയിരുന്നത്. എന്നാൽ ടാറ്റ കുടുംബത്തിൽ ലാളിത്യത്തിൻ്റെ ആൾരൂപമായി ജീവിക്കുന്ന ഒരാളുണ്ട്. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റ. ടാറ്റ കമ്പനികളിൽ ഭൂരിഭാഗത്തിലും ഓഹരികൾ ഉണ്ടെങ്കിലും ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്.
മുംബൈയിലെ കൊളാബയിലെ ഹാംപ്ടൺ കോർട്ടിൻ്റെ ആറാം നിലയിലുള്ള രണ്ടുമുറി ഫ്ലാറ്റിൽ ആണ് താമസം. ബിസിനസിൽ ഒന്നും താല്പര്യമേയില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ് എന്നിവയുൾപ്പെടെ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ വലിയ ഓഹരികളുണ്ടെങ്കിലും ബിസിനസുകളിൽ ഇടപെടാതെ തിരക്കുകളിൽ നിന്നെല്ലാം അകന്നാണ് അദ്ദേഹത്തിൻ്റെ ജീവിതം. രത്തൻ ടാറ്റയെപ്പോലെ അവിവാഹിതനാണ് ജിമ്മിയും.
ALSO READ: അന്ന് രത്തൻ ടാറ്റ ഒഴിവാക്കിയ നോയൽ ടാറ്റ; ഇന്ന് 33 ലക്ഷം കോടി ആസ്തിയുള്ള ട്രസ്റ്റിന്‍റെ ചെയർമാൻ
സൂനു ടാറ്റയുമായുള്ള നവൽ ടാറ്റയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. പിന്നീട് മാതാപിതാക്കൾ വിവാഹമോചിതരായപ്പോൾ മുത്തശ്ശി നവജ്‌ഭായി ടാറ്റയാണ് ഇവരുവരെയും വളർത്തിയത്. രത്തന് 10 വയസുള്ളപ്പോഴായിരുന്നു മാതാപിതാക്കളുടെ വേർപിരിയൽ. നവൽ ടാറ്റ പിന്നീടാണ് സ്വിറ്റ്സർലൻഡുകാരിയായ സിമോണിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും മകനാണ് ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നോയൽ ടാറ്റ. നോയൽ ടാറ്റയുടെ മക്കളായ നെവിൽ, മായ, ലിയ എന്നിവരും വിവിധ ടാറ്റ കമ്പനികളിലുണ്ട്.
2012ൽ ടാറ്റാ സൺസിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്നും രത്തൻ ടാറ്റ ഒഴിഞ്ഞിരുന്നു. പകരക്കാരനായി അദ്ദേഹം ചുമതല നൽകിയത് ടാറ്റ കുടുംബത്തിന് പുറത്തുള്ള സൈറസ് പി മിസ്ത്രിയേയും പിന്നീട് നടരാജ് ചന്ദ്രശേഖരനേയും രത്തൻ തിരഞ്ഞെടുക്കുകയും ചെയ്തു. അന്നും നോയലിൻ്റെ പേര് ആലോചനകളിൽ വന്നെങ്കിലും രത്തൻ ടാറ്റ എതിർക്കുകയായിരുന്നു.
കുടുംബ ബന്ധത്തേക്കാൾ വലുത് പ്രഫഷണലിസത്തിനാണ് എന്ന തൻ്റെ എക്കാലത്തെയും വലിയ സിദ്ധാന്തം ഉയർത്തിപ്പിടിച്ചായിരുന്നു രത്തൻ ടാറ്റ കുടുംബത്തിന് പുറത്തുള്ളവരെ ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്ത് നിയമിച്ചത്. കമ്പനികകളുടെ ചെയർമാൻ എമെരിറ്റസ് എന്ന ഓണററി പദവി ടാറ്റ നിലനിർത്തി മരണം വരെ ടാറ്റ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിച്ചതും രത്തൻ ടാറ്റയായിരുന്നു. അന്നും ജിമ്മി രത്തന് പകരക്കാരനാകും എന്ന പ്രചരണം ഉണ്ടായിരുന്നെങ്കില്ലും ബിസിനസിൽ നിന്നും പദവിയിൽ നിന്നും അകന്ന് നിൽക്കുകയാണ് ഉണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here