മമ്മൂട്ടിയുടെ ‘ബസൂക്ക’യും പൃഥ്വിരാജിന്റെ ‘ഖലീഫ’യും; പുതിയ അപ്‌ഡേറ്റുകളുമായി ജിനു എബ്രഹാം

ഈ വര്‍ഷം ഇതുവരെ മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് പുറത്തിറങ്ങിയത്. എബ്രഹാം ഓസ്ലറും, യാത്ര 2ഉം. രണ്ടിലും നായകനെക്കാള്‍ മികച്ച അതിഥി വേഷങ്ങള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ‘ഭ്രമയുഗം’ ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും. ഇതിന് ശേഷം റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ആയിരിക്കും.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകുകയും നിരവധി പോസ്റ്ററുകള്‍ ടീം പുറത്തുവിടുകയും ചെയ്തിരുന്നെങ്കിലും, നിര്‍മ്മാതാക്കള്‍ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ സഹനിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ജിനു വി എബ്രഹാം ‘ബസൂക്ക’യെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആണ് പങ്കുവയ്ക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാറായെന്നും മാര്‍ച്ച് അവസാനത്തോടെ ‘ബസൂക്ക’ പ്രേക്ഷകരിലേക്ക് എത്തുമെന്നും ജിനു പറയുന്നു. ബാബു ആന്റണി, ഗൗതം വാസുദേവ് മേനോന്‍, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, ഐശ്വര്യ മേനോന്‍, ദിവ്യ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മമ്മൂട്ടിക്കൊപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാനിരിക്കുന്ന ‘ഖലീഫ’ എന്ന ചിത്രത്തിന്റെ തിരക്കയുടെ പണിപ്പുരയിലാണ് ജിനു എബ്രഹാം നിലവില്‍. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ഖലീഫയുടെ തിരക്കഥ പകുതി പൂര്‍ത്തിയായി എന്ന് അദ്ദേഹം പറയുന്നു. ‘ആദം ജോണ്‍’, ‘കടുവ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഖലീഫ’.

‘ചിത്രത്തിന്റെ ആദ്യ പകുതി ഞാന്‍ എഴുതിക്കഴിഞ്ഞു. ഇത് പൃഥ്വിയെ വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടമായി. രണ്ടാം പകുതി എഴുതിക്കൊണ്ടിരിക്കുന്നു. വലിയ താരനിരയുള്ള ബിഗ് ബജറ്റ് ചിത്രമാണ് ഖലീഫ,’ ജിനു പറയുന്നു.

വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് പൃഥ്വിരാജ് ഏറ്റവും ഒടുവിലായി പൂര്‍ത്തിയാക്കിയത്. ‘എല്‍2: എമ്പുരാന്‍’ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ യുകെയില്‍ ആരംഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top