മകന്‍ നഷ്ടപ്പെട്ട് 7 വര്‍ഷം; നീതിയില്ലാതെ ജിഷ്ണു പ്രണോയിയുടെ അമ്മ; ക്യാമ്പസുകളില്‍ പൊലിയുന്ന വിദ്യാര്‍ത്ഥി ജീവനുകള്‍ക്ക് എന്തുവില
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർത്ഥന്റെ ആത്മഹത്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഏഴ് വര്‍ഷം മുന്‍പ് സമാന സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്. ജിഷ്ണുവിന്‍റെ മരണത്തില്‍ കേസിന്റെ അന്വേഷണം എങ്ങും എത്താത്ത നിലയിലാണ് ഇപ്പോഴുമുള്ളത്. കേരള പോലീസില്‍ തുടങ്ങി സിബിഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുഖജീവിതം നയിക്കുകയാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇവരെ കേസില്‍ പ്രതിയാക്കാന്‍ പോലും അന്വേഷണ സംഘങ്ങള്‍ തയാറിയിട്ടില്ല. കേസില്‍ നിന്നൊഴിവാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ വിചാരണ പോലും നടക്കാത്ത സ്ഥിതിയാണെന്നും മഹിജ പറയുന്നു.
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കോളജിലെ ഇടിമുറിയും അവിടെ കണ്ടെത്തിയ ചോരപ്പാടുകളും മരണം ദുരൂഹമാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മഹിജ ഡിജിപി ഓഫീസിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. റോഡിലൂടെ വലിച്ചിഴച്ച് മഹിജയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ജിഷ്ണുവിന്റെ അമ്മ സമരം ചെയ്ത് എന്ത് നേടാനാണ് എന്നതായിരുന്നു ഈ സംഭവത്തിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്നവര്‍ പോലും സമരം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹിജ നടത്തിയ നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്.
കോപ്പിയടി ആരോപണത്തെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പാലക്കാട് നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന ശക്തിവേലു, അധ്യാപകനായിരുന്ന സി.പി.പ്രവീണ്‍ എന്നീ രണ്ട് പ്രതികളില്‍ മാത്രം കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ ആരോപണ വിധേയരായിരുന്ന സഞ്ജിത്ത് വിശ്വനാഥ്, നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് എന്നിവരെ പ്രതി ചേര്‍ക്കാതിരുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസിലെ ഒന്നാം പ്രതിയായിരുന്ന സി.പി.പ്രവീണ്‍ കഴിഞ്ഞ വര്‍ഷം മരിക്കുകയും ചെയ്തു.
കോളജ് അധികൃതരുടേയും വിദ്യാര്‍ത്ഥി നേതാക്കളുടെയും ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ലിസ്റ്റിന്റെ നീളം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് ഹോസ്റ്റലില്‍ മരിച്ച ശ്രദ്ധ, ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത ഏഴാം ക്ലാസുകാരന്‍, ഏറ്റവും ഒടുവില്‍ മരണമടഞ്ഞ സിദ്ധാർത്ഥനുമെല്ലാം ഇത്തരം ക്രൂരതകളുടെ ഇരകളിലെ അവസാന പേരുകാരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here