ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബിജെപിയിലേക്ക്; വെള്ളിയാഴ്ച ചംപയ് സോറൻ ബിജെപി അംഗത്വം സ്വീകരിക്കും
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ഹിമന്ത ബിശ്വ ശർമ്മ ക്ഷണിച്ചിരുന്നു. നിലവിൽ ചംപയ് സോറന്‍ ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറൻ ഫെബ്രുവരി രണ്ടിന് ജാർഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹേമന്ത് സോറന് ജാമ്യം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ജൂലൈ മൂന്നിന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതിന് ശേഷം അദ്ദേഹം അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടി നേതൃത്വം തന്നെ അപമാനിച്ചതായി ചംപയ് സോറന്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായപ്പോള്‍ തന്റെ മുന്നിലുള്ള മൂന്ന് വഴികളെക്കുറിച്ച് അദ്ദേഹം എക്സില്‍ എഴുതി. ‘രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്’’– അദ്ദേഹം കുറിച്ചു. ഇപ്പോള്‍ ചംപയ് സോറൻ മൂന്നാമത്തെ വഴി സ്വീകരിച്ചിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here