ചംപയ് സോറന്റെ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍; ബിജെപി സഖ്യത്തില്‍ വ്യക്തത വരുത്താതെ ജാര്‍ഖണ്ഡ് നേതാവ്

മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ചംപയ് സോറന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങള്‍ മൂലം മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. വിരമിക്കാന്‍ തയാറല്ല. ജനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരും. അതിനായി പുതിയ സംഘടന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സഖ്യത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ചംപയ് സോറനില്‍ നിന്നും ഉണ്ടായില്ല. ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോള്‍ നല്ല സുഹൃത്തിനെ ലഭിച്ചാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മാത്രമായിരുന്നു പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത് മുതല്‍ ഹേമന്ത് സോറനുമായി അകല്‍ച്ചയിലായിരുന്നു. ഇതിനിടെ ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചംപയ് സോറന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റിയാലതിനെ തടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോഴാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായത്. അഞ്ച് മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്നായിരുന്നു ചംപയ് കണക്കുകൂട്ടിയത്. ഇതിന് അനുവദിക്കാത്തിനെ തുടര്‍ന്നാണ് ഹേമന്ത് സോറനുമായി തെറ്റിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ടത് മുഖ്യമന്ത്രി ഹേമന്ത് സോറനും വെല്ലുവിളിയാണ്. കുടുംബ രാഷ്ട്രീയം എന്ന വിമര്‍ശനം ഉയര്‍ത്തിയാകും ഹേമന്ത് സോറനേയും ജെഎംഎമ്മിനേയും ചംപയ് സോറന്‍ നേരിടുക. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുളള ചംപയ് സോറനെ മുന്നില്‍ നിര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top