അഖിൽ സജീവിന്റെ തട്ടിപ്പുകൾ തുടരുന്നു; കിഫ്ബിയിൽ ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടി, റാന്നി പോലീസ് കേസ് എടുത്തു

പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെതിരെ വീണ്ടും പരാതി. കിഫ്‌ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയതായാണ് കേസ്. വലിയകുളം സ്വദേശി താനിയയുടെ പരാതിയിൽ റാന്നി പോലീസാണ് കേസ് എടുത്തത്. അഖിൽ സജീവിന് പുറമെ യുവമോർച്ച നേതാവ് രാജേഷും കേസിൽ പ്രതിയാണ്.

അഖിൽ സജീവിന്റെ അക്കൗണ്ടിലേക്ക് പലതവണയായി 10 ലക്ഷം രൂപയാണ് നൽകിയത്. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നതായി റാന്നി പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ജോലി ലഭിച്ചതായി രാജേഷും പറഞ്ഞു വിശ്വസിപ്പിച്ചു. കിഫ്ബിയുടെ വ്യാജ നിയമന ഉത്തരവ് നൽകുകയും തിരുവനന്തപുരത്തെ കിഫ്‌ബി ഓഫീസിൽ എത്താൻ പരാതിക്കാരിയോട് പറയുകയും ചെയ്തു.

കിഫ്‌ബി ഓഫീസിലെ സഹായികളെ ഉപയോഗിച്ച് ചില രേഖകളിൽ ഒപ്പിടുവിക്കുകയും അക്കൗണ്ടന്റായി ജോലി ലഭിച്ചെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിവരം ഒന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. വഞ്ചന, വ്യാജ രേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പു കേസിൽ പത്തനംതിട്ട പോലീസ് അഖിൽ സജീവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top