നിയമനത്തട്ടിപ്പില്‍ യൂത്ത് കോണ്‍. നേതാവ് അറസ്റ്റില്‍; കോട്ടയം ജന. ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തത് സംസ്ഥാന സെക്രട്ടറി; പ്രതികരിക്കാതെ നേതൃത്വം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് കരുനാഗപ്പള്ളി സ്വദേശിനിയില്‍ നിന്നും 50,000 രൂപ തട്ടിയ കേസിലാണ് അരവിന്ദ് വെട്ടിക്കല്‍ അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പേരിലുള്ള വ്യാജ ലെറ്റര്‍ഹെഡിലാണ് നിയമന ഉത്തരവ് നല്‍കിയത്. ഇതിന്റെ കോപ്പി ഡയറക്ടര്‍ക്ക് ലഭിച്ചതോടെ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കന്റോണ്‍മെന്റ് പോലീസ് നിലക്കലില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അരവിന്ദിന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞില്ലെന്നും സംഭവം അന്വേഷിക്കുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബലറാം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്നും പിന്നീട് കാര്യങ്ങള്‍ വിശദമാക്കാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു യുവതിക്ക് നല്‍കിയ വാഗ്ദാനം. തുടര്‍ന്ന് കത്തും കൈമാറി. ഈ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ പരാതിയും അറസ്റ്റും വന്നു.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ:

പ്രതി ആരോഗ്യവകുപ്പിന്‍റെ സമാനമായ വ്യാജ സീലുകള്‍ പതിച്ച കത്ത് നിര്‍മ്മിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ റിസപ്ഷന്‍ തസ്തികയില്‍ യുവതിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നെഴുതി കത്ത് കൈമാറി.
ജനുവരി 17 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജോലിയില്‍ ഹാജരാകണം എന്നാണ് കത്തില്‍ പറയുന്നത്. ആരോഗ്യവകുപ്പ് തിരുവനന്തപുരം എന്ന പേരിലുള്ള ലെറ്റര്‍ഹെഡില്‍ സെക്ഷന്‍ ഓഫീസറുടെ പേരുവെച്ച് ഒപ്പിട്ടിട്ടാണ് കരുനാഗപ്പള്ളി സ്വദേശിനിക്ക് നല്‍കിയിരിക്കുന്നത്. പ്രതി മേല്‍ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top