യുഎസിൽ മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ നിരോധിക്കണം; സ്കൂൾ വെടിവയ്പിനു പിന്നാലെ ജോ ബൈഡൻ
അമേരിക്കയിൽ മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ പൂർണമായും നിരോധിക്കണമെന്ന ആവശ്യം ഉയർത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജോർജിയയിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം നാലു പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് യുഎസ് പ്രസിഡന്റ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
യുഎസ് പോലൊരു രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇനിയും അംഗീകരിക്കാൻ കഴിയില്ല. തനിക്ക് സ്വന്തമായി തോക്കുണ്ട്. പക്ഷേ, ഭേദഗതിയിൽ താൻ ശക്തമായി വിശ്വസിക്കുന്നതായി ഒരു പരിപാടിയിൽ പ്രസിഡന്റ് പറഞ്ഞുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിൽ തോക്ക് നിയന്ത്രണത്തിന് ശക്തമായ നടപടിയെടുക്കാൻ യുഎസ് കോൺഗ്രസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
“ഞാനൊരു ഗ്രാമപ്രദേശത്തു നിന്നുള്ളയാളാണ്. എന്റെ സംസ്ഥാനത്തിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന പലരുടെയും കൈവശം തോക്കുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നത് സാധാരണമാണ്. പക്ഷേ, സത്യമെന്തെന്നാൽ വിവേകവും അവിവേകവും തമ്മിൽ വ്യത്യാസമുണ്ട്” -ബൈഡൻ പറഞ്ഞു.
താൻ ഈ ആവശ്യപ്പെടുന്ന തീരുമാനം കൊണ്ട് മരണമടഞ്ഞ ആ കുട്ടികളെ തിരികെ കൊണ്ടുവരാനാകില്ല. പക്ഷേ, ഈ കാര്യങ്ങൾ ചെയ്താൽ നിരവധി ജീവനുകൾ ഇനിയെങ്കിലും രക്ഷിക്കാൻ സാധിക്കും. നമുക്ക് ഒരുമിച്ച് എന്തെങ്കിലും കാര്യമായി ചെയ്യണം. മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ നിരോധിക്കാം. ഒരുമിച്ച് ശ്രമിച്ചാൽ അതിനു കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും ബൈഡൻ പറഞ്ഞു.
യുഎസിൽ മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ നിരോധിക്കണമെന്ന് ജോ ബൈഡൻ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കളാണ് ഈ ആവശ്യത്തെ എതിർക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here