ജോണ്‍എബ്രഹാമിന് 75കോടിയുടെ ബംഗ്ലാവ്; മുംബൈയിലെ നിര്‍മ്മല്‍ ഭവന്‍ ഇനി താരത്തിന് സ്വന്തം

മുംബൈ : മലയാളിയും ബോളിവുഡ് നടനുമായ ജോണ്‍ ഏബ്രഹാം 75 കോടി രൂപ മുടക്കി മുബൈയില്‍ ഒരു ബംഗ്ലാവ് സ്വന്തമാക്കി. ലിങ്കിംഗ് റോഡിലെ മൂന്ന് നിലയുള്ള നിര്‍മ്മല്‍ ഭവനാണ് ജോണ്‍ വാങ്ങിയിരിക്കുന്നത്. നിര്‍മ്മല്‍ ഭവന്റ കച്ചവടം മുംബൈ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ് .

ബോളിവുഡ് താരങ്ങള്‍ മുംബൈ നഗരത്തിലെ കണ്ണായ പ്രദേശങ്ങളില്‍ സ്ഥലവും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുന്നത് പതിവാണ്. കഴിഞ്ഞ മാസം 27നാണ് കെട്ടിടം വാങ്ങാന്‍ ജോണ്‍ കരാറില്‍ ഒപ്പിട്ടത്. 7,722 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്ഥലത്തിനും കെട്ടിടത്തിനുമായി 70.8 കോടിയാണ് വിലയായി ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 4.25 കോടിയും അടച്ചിട്ടുണ്ട്.

മുംബൈ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ലിങ്കിംഗ് റോഡ്. ഇവിടെയുള്ള വാണിജ്യ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിക്ക് 800 രുപയാണ് വാടകയായി ചുമത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വില പിടിപ്പുള്ള വാണിജ്യ കെട്ടിടങ്ങള്‍ നിലനില്‍്ക്കുന്ന പ്രദേശമാണ് ലിങ്കിംഗ് റോഡ്. ഈ കെട്ടിടത്തില്‍ ജോണ്‍ ഏബ്രഹാം എന്തെങ്കിലും പുതിയ സംരഭം തുടങ്ങുമോ എന്നറിവായിട്ടില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാര സമുച്ചയങ്ങളും ജോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

സല്‍മാന്‍ ഖാനും സാന്താക്രൂസിലെ ലിങ്കിംഗ് റോഡില്‍ വാണിജ്യ കെട്ടിടമുണ്ട്. 10 വര്‍ഷം മുമ്പ് 120 കോടി രൂപയ്ക്കാണ് സല്‍മാന്‍ ഇവിടെ കെട്ടിടം വാങ്ങിയത്. ബോളിവുഡ് താരങ്ങളില്‍ മിക്കവരും വന്‍കിട റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപം നടത്തുന്നത് പതിവാണ്. സ്വന്തമായി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നടത്തുന്ന താരങ്ങളുമുണ്ട്. ഹൗസിംഗ് കമ്പനികള്‍, റിസോര്‍ട്ട് , ഹോട്ടല്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയ സംരഭങ്ങളിലാണ് ബോളിവുഡ് താരങ്ങള്‍ പണമിറക്കിയിട്ടുള്ളത്.മുംബൈ നഗരത്തില്‍ പ്രമുഖ താരങ്ങളും വ്യവസായികളുമൊക്കെ താമസിക്കുന്ന ബാന്ദ്ര, ജുഹു, ഖാര്‍ തുടങ്ങിയ നഗര പ്രദേശങ്ങളിലെ ബംഗ്ലാവുകള്‍ താരങ്ങള്‍ വന്‍ വിലയ്ക്ക് വാങ്ങിയിട്ട് അവിടെ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതും പതിവാണ്. ചതുരശ്ര അടിക്ക് 70000 മുതല്‍ 80000 രൂപയ്ക്കാണ് നഗരത്തിലെ ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ വില്‍ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top