ജോണിനെല്ലൂർ ഇടതുപക്ഷത്തേക്ക്; കേരള കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനം; സജീവമാകാൻ ഉപദേശിച്ചത് പിണറായി
തിരുവനന്തപുരം: ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് മടങ്ങുന്നു. എൻപിപി എന്ന പാർട്ടി രൂപീകരിച്ച് ബിജെപിയുമായി തുടങ്ങിയ സഖ്യം പൊളിഞ്ഞതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും ഏതാനും മാസങ്ങളായി വിട്ട് നില്‍ക്കുകയായിരുന്നു അദ്ദേഹം. പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും തൻ്റെ വഴി വേറെയാണെന്നും ജോണി നെല്ലൂര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ചത്. അതിനാല്‍ ആ പാര്‍ട്ടിയിലേക്ക് തിരിച്ചു പോകില്ല. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) രൂപീകരിച്ച് മുന്നോട്ട് പോയപ്പോഴാണ് മണിപ്പൂര്‍ കലാപമുണ്ടായത്. പാര്‍ട്ടി രൂപീകരണ സമയത്ത് കത്തോലിക്കാ സഭാ ബിഷപ്പുമാര്‍ പിന്തുണ നല്‍കിയിരുന്നു. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ സഭയുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായി. അതോടെ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടമായി. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ്.ജെ.മാത്യു അടക്കമുള്ളവര്‍ എന്നെ വല്ലാതെ പറ്റിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വരുമെന്ന് പറഞ്ഞവര്‍ ആരും വന്നില്ല. എന്‍പിപിയില്‍ തുടരുന്നത് ശരിയല്ലെന്ന് മനസിലാക്കി സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു “-ജോണി നെല്ലൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയായിരുന്നു സന്ദർശനം. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായും അന്ന് ജോണി നെല്ലൂർ പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് മാണി ഗ്രൂപ്പിലേക്കുള്ള ചര്‍ച്ചകളും മറ്റും സജീവമായത്.
ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗമായ വി.വി.അഗസ്റ്റിനെ ചെയര്‍മാനാക്കിയാണ് ജോണി നെല്ലൂര്‍ കഴിഞ്ഞ ഏപ്രിലില്‍ എന്‍പിപി രൂപീകരിച്ചത്. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരായിരുന്നു വൈസ് ചെയര്‍മാന്‍മാര്‍. കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ പാര്‍ട്ടി രൂപീകരിക്കാന്‍ ബിജെപി മുന്‍കൈ എടുത്തത്. പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് പാര്‍ട്ടി രൂപീകരണം എന്നൊക്കെയായിരുന്നു അവകാശവാദം. കഴിഞ്ഞ ഏപ്രില്‍ 19നാണ് ജോസഫ് ഗ്രൂപ്പില്‍ നിന്നും അദ്ദേഹം രാജിവെച്ചത്. പക്ഷെ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ കല്ലുകടി രൂക്ഷമായിരുന്നു. ജൂലൈയില്‍ അദ്ദേഹം എന്‍പിപി വിട്ടു. ഒപ്പം സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായും അന്ന് പ്രഖ്യാപിച്ചിരുന്നു.
മൂന്ന് തവണ മൂവാറ്റുപുഴ എംഎല്‍എയായിരുന്ന അദ്ദേഹം യുഡിഎഫ് സെക്രട്ടറിയുമായിരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ രണ്ടാമനായി നില്‍ക്കെയാണ് ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയത്. നാലഞ്ച് വര്‍ഷം ജോസഫ് ഗ്രൂപ്പിനൊപ്പം നിന്ന ശേഷമാണ് പ്രത്യേക കാരണമൊന്നുമില്ലാതെ പാര്‍ട്ടി വിട്ടത്. കേരളാ കോൺഗ്രസ് എമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും രാഷ്ട്രീയത്തിലേക്ക് ഉടൻ തിരിച്ച് വരുമെന്നും ജോണി നെല്ലൂർ പറഞ്ഞു. ’54 വർഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തി എന്ന നിലയിൽ പൂർണമായും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. കേരള കോൺഗ്രസിലാണ് ചെറുപ്പം മുതൽ പ്രവർത്തിക്കുന്നത്. കേരളകോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയുമായി പ്രവർത്തിക്കാൻ താൽപര്യമില്ല. അത് മാതൃസംഘടനയിലായാലെന്ത് എന്നാണ് ആലോചനയിലുള്ളത്. ജോണി നെല്ലൂർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here