കലക്ടറുടെ കുഴിനഖ ചികിത്സ കൂടുതൽ വിവാദമാകുന്നു; വിമർശിച്ച CPI സംഘടനാ നേതാവിന് നോട്ടീസ് നൽകിയതിൽ പ്രതിഷേധം; നാളെ സമരം

തിരുവനന്തപുരം: കലക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് സംഘടന നാളെ കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തും.

കുഴിനഖം ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിയെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങലിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഷോ കോസ് നോട്ടീസ് നല്‍കിയിരുന്നു. രാജവാഴ്ച വേണ്ട, ജനാധിപത്യം മതി, വായ് മൂടി കെട്ടണമോ എന്നൊക്കെയുള്ള കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ സംഘടനയുടെ അംഗങ്ങള്‍ ഈ വിഷയത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭരണകക്ഷിയുടെ യൂണിയന്‍ തന്നെ സര്‍ക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നു എന്ന പ്രത്യേകതയും നാളത്തെ പ്രതിഷേധത്തിനുണ്ട്. സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ കലക്ടര്‍ക്കെതിരെയാണ് സിപിഐയുടെ സര്‍വ്വീസ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജയചന്ദ്രന്‍ കല്ലിങ്ങല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം സ്‌പെഷ്യല്‍ തഹസില്‍ദാരാണ് ഇദ്ദേഹം .

മുന്‍കൂര്‍ അനുമതി ഇല്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഉന്നത ഉദ്യോഗസ്ഥനെ, ചോദ്യം ചെയ്തത് അച്ചടക്ക ലംഘനമാണെന്നും ഇത് റവന്യൂ വകുപ്പിനാകെ അവമതിപ്പുണ്ടാക്കിയെന്നും ഷോ കോസ് നോട്ടീസില്‍ പറയുന്നു. ജയചന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് കലക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെ രേഖാമൂലം അറിയിച്ചി രുന്നു.

കുഴിനഖം ചികിത്സിക്കുന്നതിനായി ഡോക്ടറ വസതിയിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കലക്റ്ററുടെ നടപടിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി വി. വേണു ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

മെയ് നാലാം തീയതിയാണ് കലക്ടര്‍ ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡി.എം.ഒ.യോട് ആവശ്യപ്പെട്ടത്. ആദ്യം ആവശ്യം നിരസിച്ച ഡി.എം.ഒ. പിന്നീട് കലക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ഒ.പി. നടക്കുന്നതിനിടെ 11 മണിയോടെ ഡ്യൂട്ടി ഡോക്ടറും ജീവനക്കാരും ആംബുലന്‍സില്‍ കലക്ടറുടെ വസതിയിലേക്കുപോയി. ഈ സമയം മുന്നൂറോളം രോഗികള്‍ ഒ.പി.യില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഡോക്ടറന്മാരുടെ സംഘടനയായ കെജിഎംഒഎ പ്രതിഷേധിച്ചതോടെയാണ് കളക്ടറുടെ നടപടി വിവാദമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top