കേസ് മറച്ചുവച്ച് പാസ്പോർട്ടെടുത്ത ജോജുവിന് കുരുക്ക്; പാസ്പോർട്ട് സറണ്ടർ ചെയ്യിപ്പിച്ച് ആർപിഒ; തിരികെ കിട്ടാൻ മൂന്നുമാസമായി പെടാപ്പാട്

പറന്നുപോകുന്ന വിവാദങ്ങളെ ഒന്നിനുപിറകെ ഒന്നായി ഏണിവച്ച് കയറിപ്പിടിക്കുന്ന നടൻ ജോജു ജോർജിന്, ഇവയ്ക്കിടയിൽ ഒരിടവേള എടുക്കാൻ പോലും കഴിയാറില്ല. ഒന്നു കടന്നുപോകും മുമ്പേ അടുത്തത് വന്നുകഴിയും എന്നതാണ് സ്ഥിതി. ഇതേമട്ടിൽ കഴിഞ്ഞ ഡിസംബർ മുൽ എടുത്തുവച്ചൊരു തലവേദനയിൽ നിന്ന് ഊരാൻ വഴികാണാതെ വശംകെട്ടിരിക്കുകയാണ് താരം. ഇത്തവണ പക്ഷെ വിഷയം നിയമപരമായി ഗൗരവമുള്ളതാണ്, പാസ്പോർട്ട് ആക്ട്പ്രകാരം കേസ് വരാനുള്ള സാധ്യതയാണ് തെളിഞ്ഞുനിൽക്കുന്നത്.
2023 ആഗസ്റ്റിൽ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയത് എടുക്കാൻ 2024 ഡിസംബറിലാണ് ജോജു അപേക്ഷിച്ചത്. വേഗത്തിൽ കിട്ടാൻ തത്കാൽ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ തൻ്റെ പേരിൽ പോലീസ് കേസുള്ളത് മറച്ചുവച്ചു. ഡിസംബറിൽ തന്നെ തത്കാൽ പാസ്പോർട്ട് കയ്യിൽ കിട്ടിയെങ്കിലും പിന്നാലെ തൃശൂർ മാളയിൽ നിന്ന് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടെത്തി. ഇതോടെയാണ് കളളക്കളി മനസിലാക്കി പാസ്പോർട്ട് ഓഫീസ് ഷോകോസ് നോട്ടീസയച്ചതും പിന്നാലെ ജോജുവിന് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും. രേഖയിൽ ‘സറണ്ടർ’ (Surrender) എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടി.
2022ൽ അപകടമുണ്ടാക്കും വിധം വാഗമണ്ണിൽ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികളിൽ പങ്കെടുത്തതിനാണ് ജോജു ജോർജിനെതിരെ ഇടുക്കി പോലീസ് കേസെടുത്തത്. കേസിൽ മൂന്നാം പ്രതിയായ ജോജുവിനൊപ്പം പരിപാടിയുടെ സംഘാടകരും പ്രതികളായിരുന്നു. മോട്ടോർ വാഹനവകുപ്പ് മറ്റൊരു കേസ് എടുത്തെങ്കിലും അതിൽ കുറ്റം സമ്മതിച്ച് പിഴയടച്ച് തീർത്തു. വാഗമൺ പോലീസെടുത്ത കേസ് തുടരുമ്പോഴാണ് പാസ്പോർട്ട് നഷ്ടപ്പെടുന്നതും പുതിയത് എടുക്കേണ്ടി വരുന്നതും. അതുകൊണ്ട് തന്നെ തത്കാൽ പാസ്പോർട്ടിനുള്ള അപേക്ഷയിൽ ഇതിൻ്റെ വിവരം മറച്ചുവച്ചത് ബോധപൂർവം തന്നെയെന്ന് ഉറപ്പ്.

ഇതിനെല്ലാം ശേഷം വാഗമൺ പോലീസിൻ്റെ പരിധിയിൽപെട്ട പീരുമേട് കോടതിയിൽ നിന്ന് പാസ്പോർട്ട് അനുവദിക്കാൻ തടസമില്ലെന്ന് എൻഒസി വാങ്ങിയെങ്കിലും ആദ്യ അപേക്ഷയിൽ കേസിൻ്റെ വിവരം മറച്ചുവച്ചു എന്നത് കുറ്റമായി തന്നെ നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ആ പാസ്പോർട്ട് തിരികെ നൽകാൻ പാസ്പോർട്ട് ഓഫീസ് തയ്യാറില്ല. രാജ്യസുരക്ഷയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കാവുന്ന പാസ്പോർട്ടുമായി ബന്ധപ്പെട്ട ഇത്തരം കുറ്റകൃത്യം ഗൗരവമായാണ് പരിഗണിക്കപ്പെടുന്നത്. വിവരം മറച്ചുവച്ച് പാസ്പോർട്ട് എടുക്കുന്നത് വ്യാജ പാസ്പോർട്ട് എടുക്കുന്നതിന് തുല്യമാണ്; രണ്ടുവർഷം തടവു കിട്ടാവുന്ന കുറ്റമാണ്.
ഹൈക്കോടതിയെ സമീപിച്ച് പഴയ പാസ്പോർട്ട് തിരികെ കിട്ടാൻ ജോജു ശ്രമിച്ചെങ്കിലും കുറ്റകൃത്യം കണ്ടെത്തിയതോടെ സറണ്ടർ ചെയ്ത പാസ്പോർട്ടിൻ്റെ കാര്യത്തിൽ കോടതി ഇടപെട്ടില്ല. പകരം പുതിയ പാസ്പോർട്ട് എടുക്കാൻ ഉത്തരവ് നൽകി. എന്നാൽ മുൻനിശ്ചയിച്ച വിദേശ പദ്ധതികൾ ഉള്ളതിനാൽ പഴയ പാസ്പോർട്ട് തന്നെയാണ് ജോജുവിന് ആവശ്യം. അതിന് അനുകൂല നടപടി ഉണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയെല്ലാം വഷളായശേഷം ഏറ്റവും ഒടുവിൽ പോലീസ് കേസും അവസാനിപ്പിച്ച് പഴയ പാസ്പോർട്ട് തിരികെ കിട്ടാൻ വീണ്ടും ജോജു ശ്രമം നടത്തുകയാണ്. ഇതിനായി വാഗമൺ ക്രൈം 324/2022 നമ്പറായി റജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കുറ്റം സമ്മതിച്ച് പിഴയൊടുക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here