തട്ടിപ്പിലെടുത്ത പാസ്പോർട്ടിൽ ജോജു ജോർജ് വിദേശത്ത് പോയി; വിവരം ശേഖരിക്കാൻ ശ്രമം തുടങ്ങി റീജിയണൽ പാസ്പോർട്ട് ഓഫീസ്

തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് സറണ്ടർ ചെയ്യേണ്ടി വന്നത് മാധ്യമ സിൻഡിക്കറ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അപകടമുണ്ടാക്കും വിധം വാഗമണ്ണിൽ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികൾ നടത്തിയതിൻ്റെ പേരിൽ 2022ൽ ഇടുക്കി പോലീസ് എടുത്ത കേസിൻ്റെ വിവരം പാസ്പോർട്ട് അപേക്ഷയിൽ മുക്കിയതാണ് വിനയായത്. ഇത് പക്ഷെ പോലീസ് വെരിഫിക്കേഷനിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നത്. രേഖയിൽ സറണ്ടർ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടി. ഇതാദ്യമായാണ് മലയാളത്തിൽ നിന്നൊരു സിനിമാതാരം പാസ്പോർട്ട് തിരിമറിയുടെ പേരിൽ നടപടി നേരിടുന്നത്.

2023ൽ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പാസ്പോർട്ട് എടുക്കാൻ ജോജു ശ്രമം തുടങ്ങിയത് 2024 ഡിസംബറിലാണ്. അപേക്ഷയിൽ വാഗമൺ കേസിൻ്റെ വിവരം മറച്ചുവച്ച് തത്കാൽ പാസ്പോർട്ട് നേടിയെടുത്തു. അതിനുശേഷം പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വരാൻ ഏതാണ്ട് രണ്ടാഴ്ചയിലേറെ സമയമെടുത്തു എന്നാണ് സൂചന. ഇതിനിടയിൽ ജോജു ദുബായിൽ പോയിവന്നു.

Also Read: കേസ് മറച്ചുവച്ച് പാസ്പോർട്ടെടുത്ത ജോജുവിന് കുരുക്ക്; പാസ്പോർട്ട് സറണ്ടർ ചെയ്യിപ്പിച്ച് ആർപിഒ; തിരികെ കിട്ടാൻ മൂന്നുമാസമായി പെടാപ്പാട്

ജനുവരി 10 മുതൽ മൂന്നു ദിവസമായിരുന്നു യാത്ര. തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് അമേരിക്കൻ യാത്രക്കുള്ള രേഖകൾ ശരിയാക്കുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം. തിരിച്ചെത്തിയതിന് പിന്നാലെ ഈവർഷം ജനുവരി 16നാണ് റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് ഷോകോസ് നോട്ടീസ് കിട്ടിയതും പിന്നാലെ പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും.

വെരിഫിക്കേഷൻ റിപ്പോർട്ട് പതിവിലധികം വൈകിയതിലും, ജോജുവിൻ്റെ വിദേശയാത്രയിലും വിവരം ശേഖരിക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസ് ശ്രമിക്കുന്നുണ്ട്. സ്വന്തം സ്ഥലമായ തൃശൂർ മാളയിൽ നിന്നാണ് പോലീസ് റിപ്പോർട്ട് വരേണ്ടിയിരുന്നത്. ഇത് വൈകിപ്പിക്കാൻ ജോജു ഇടപെട്ടതായി സൂചനകൾ വന്നിട്ടുണ്ട്. ഇങ്ങനെ വിദേശയാത്രക്ക് പഴുതുണ്ടാക്കിയത് അതീവ ഗൗരവമായാണ് പാസ്പോർട്ട് അതോറിറ്റി കാണുന്നത്. ഇങ്ങനെയെങ്കിൽ വ്യാജ പാസ്പോർട്ട് എടുത്തും ആർക്കും വിദേശത്തേക്ക് കടക്കാൻ അവസരം ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. വിവരം മറച്ചുവച്ച് പാസ്പോർട്ട് എടുക്കുന്നത് വ്യാജ പാസ്പോർട്ട് എടുക്കുന്നതിന് തുല്യമാണ്; രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top