ചെങ്കൊടി പിടിച്ചതോടെ നിശബ്ദമായി മാണിയുടെ പിന്‍മുറക്കാര്‍; റബര്‍ വില ഉന്നയിച്ച എംപിയെ മുഖ്യമന്ത്രി ശാസിച്ചിട്ടും മിണ്ടാട്ടമില്ല; മലയോര മേഖലയിലെ പ്രശ്‌നങ്ങളിലും മൗനം തുടര്‍ന്ന് ജോസ് കെ.മാണി

തിരുവനന്തപുരം ; യുഡിഎഫിലായിരുന്നപ്പോള്‍ മുന്നണിയിലെ ചെറിയ വിഷയങ്ങളില്‍ പോലും ശക്തമായി പ്രതികരിക്കുന്നതായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ശൈലി. അത് കെ.എം.മാണി ഉണ്ടായിരുന്നപ്പോഴും അതിനു ശേഷവുമെല്ലാം അങ്ങനെ തന്നെയായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസഫുമായുളള തര്‍ക്കത്തിലും ഒടുവില്‍ മുന്നണി വിടുന്നതില്‍ വരെ ആ തീവ്രത ജോസ് കെ.മാണിയും തുടര്‍ന്നിരുന്നു. ഒപ്പം നിന്നവരും ഇതേ ശൈലിയില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മുന്നണി മാറിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിവ് ആക്രമണോത്സുകമായ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. എല്ലാ വിഷയത്തിലും ഒരു തണുപ്പന്‍ മട്ടിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നാണ് വിമര്‍ശനം. പ്രത്യേകിച്ചും മലയോര കര്‍ഷകര്‍ക്കിടയില്‍.

മലയോര കര്‍ഷകരാണ് കേരള കോണ്‍ഗ്രസിന്റെ ആണിക്കല്ല്. കര്‍ഷക കുടിയേറ്റ മേഖലകളിലെല്ലാം പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. എന്നാല്‍ റബറിന്റെ വിലത്തകര്‍ച്ച, വന്യമൃഗ ആക്രണം തുടങ്ങി ഈ മേഖലയിലെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയും ചെയര്‍മാന്‍ ജോസ് കെ.മാണിയും ഉന്നയിക്കുന്നില്ലെന്ന പരാതിയാണ് സജീവമായി ഉയരുന്നത്. നവകേരള സദസിനിടെ പാലയില്‍ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചിരുന്നു. എന്നിട്ടും ഈ വിഷയത്തില്‍ ഒരു പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാന്‍ പോലും പാര്‍ട്ടി തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കിലും രാജ്യസഭാ സീറ്റ് ലഭിച്ചതോടെ തൃപ്തിപ്പെടുകയായിരുന്നു ജോസും സംഘവും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ചോദിച്ചെങ്കിലും കോട്ടയം മാത്രമാണ് ലഭിച്ചത്. എന്നിട്ടും അതില്‍ കാര്യമായ പ്രതിഷേധമില്ലാതെ അതും അംഗീകരിച്ച സ്ഥിതിയാണ്.

സ്വന്തം തട്ടകമായ പാല നഗരസഭയിലെ മുന്നണി തര്‍ക്കത്തില്‍ പോലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയില്‍ ജോസ് കെ.മാണിയുടെ പരാജയം സിപിഎം പാലം വലിച്ചതു കൊണ്ടാണെന്ന് വലിയ വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കുണ്ട്. എന്നാല്‍ ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യം പോലും നേതൃത്വം ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പാലാ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റിരുന്നു. എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയില്‍ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. വിവാദമായ എയര്‍ പോഡ് മോഷണത്തിലെ പരാതിക്കാരന്‍ ജോസ് ചീരങ്കുഴിയാണ് തോറ്റത്. ഇതിലും നേതൃത്വം പ്രതികരിച്ചിട്ടില്ല.

മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളിലെ മൗനം പാര്‍ട്ടിയുടെ അടിവേരിളക്കുന്നതാണ്. വന്യമൃഗ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കത്തോലിക്ക സഭയടക്കം വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിട്ടു കൂടി ഇതില്‍ ഇടപെടലുണ്ടാകാത്തതില്‍ അസ്വസ്ഥതകള്‍ ഏറെയാണ്. ഇതുകൂടാതെ സീറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ ചടങ്ങിനിടെ ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോഴും വേദിയിലുണ്ടായിരുന്ന ജോസ് കെ.മാണി മൗനത്തിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണച്ചാണ് സംസാരിച്ചത്. ഇതും ചര്‍ച്ചയാകുന്നുണ്ട്.

ഇതുകൂടാതെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കോട്ടയത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിലെ വോട്ട് ചോര്‍ച്ചയും പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ്. കോട്ടയത്ത് രണ്ട് കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ ശക്തികാട്ടേണ്ടത് ജോസ് കെ.മാണിക്ക് ഏറെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇപ്പോഴുള്ള മുറുമുറപ്പുകളുടെ ശക്തി കൂടും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top