യുവാക്കളുടെ വിദേശ കുടിയേറ്റം പഠിക്കണമെന്ന് സിറോ മലബാർ സഭ; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിറോ മലബാര്‍ സഭ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവന്തപുരത്ത് ഒരുക്കിയ സ്വീകരണം യുവാക്കളുടെ വിദേശ കുടിയേറ്റം സംബന്ധിച്ച ആശങ്ക ഭരണവർഗത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരമാക്കി സിറോ മലബാർ സഭ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതവിജയം സാധ്യമാകില്ല എന്ന തോന്നൽ പലർക്കുമുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം പറഞ്ഞു. യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത് കുറച്ചുകാലമായി സഭക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. അങ്ങനെ അംഗസംഖ്യ കുറയുന്ന ഒരുവിഭാഗമാണ് കത്തോലിക്കാ സഭ. മറ്റ് പല സഭകളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. യുവജനങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാമെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും അതിനുള്ള ഉത്തരവാദിത്തം ഭരിക്കുന്നവർക്ക് ഉണ്ടെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി മാർ പെരുന്തോട്ടം ഓർമിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ആശങ്കയുടെ ആവശ്യമില്ല എന്ന മറുപടിയാണ് നല്‍കിയത്. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ലോകം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അതിനാല്‍ വിദേശത്ത് പോയി പഠിക്കണമെന്ന് കുട്ടികള്‍ തന്നെ തീരുമാനിക്കുന്നു. കുട്ടികളുടെ ആ സമ്മര്‍ദത്തിന് മാതാപിതാക്കള്‍ വഴങ്ങേണ്ടി വരികയാണ്. ഇതിന് മാറ്റം വരുത്താനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റും. മറ്റു രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്ന രീതി ഉണ്ടാകും. അത്തരത്തിലുള്ള പുരോഗതിയുടെ പാതയിലാണ് സംസ്ഥാനം. അത് പൂര്‍ത്തിയാകാന്‍ കുറച്ചു കാലതാമസം ഉണ്ടാകും. അതില്‍ ആരും ആശങ്കപെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാൽ വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തിൽ 25 വർഷം മുൻപത്തെ സ്ഥിതിയിലാണ് കേരളം നിൽക്കുന്നതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്ന് ചിന്തിക്കണം. യൂണിവേഴ്‌സിറ്റികളില്‍ വിസിമാരെ നിയമിക്കാത്ത സ്ഥിതിയാണ്. മുൻപ് സീറ്റ് കിട്ടാൻ പലരും ബുദ്ധിമുട്ടിയിരുന്ന പ്രധാന കോളജുകളിൽ പലയിടത്തും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കുട്ടികളെ കിട്ടാതെ പിജി കോഴ്സുകൾ പലതും നിർത്തലാക്കുന്ന സാഹചര്യം പോലുമുണ്ട്. വിദേശ കുടിയേറ്റം സംബന്ധിച്ച വിഷയം ഉന്നയിച്ച മാര്‍ ജോസഫ് പെരുംതോട്ടത്തെ താൻ അഭിനന്ദിക്കുകയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. പഴയ പ്രതാപം പറഞ്ഞിരിക്കാതെ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനുള്ള ഊർജിതമായ നടപടികൾ ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top