ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ജാതിവിവേചനം; ജെപി മോർഗന്‍ വൈസ് പ്രസിഡന്റിന് പുതിയ വീട്ടില്‍ പ്രവേശനമില്ല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി എന്ന ഗിഫ്റ്റ് സിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ജെപി മോർഗന്‍റെ വൈസ് പ്രസിഡന്റ് അനിരുദ്ധ് കെജ്‌രിവാൾ. ഗിഫ്റ്റ് സിറ്റിയില്‍ നിന്ന് കടുത്ത ജാതി വിവേചനം നേരിട്ടതായി അനിരുദ്ധ് എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. മുംബൈയിലെ ജീവിതവും സിംഗപ്പൂരിലേക്ക് പോകാനുള്ള അവസരവും ഉപേക്ഷിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഗിഫ്റ്റ് സിറ്റിയെക്കുറിച്ച് നല്‍കിയ വാഗ്ദാനം വിശ്വസിച്ച് വന്നപ്പോള്‍ ഇത്രയ്ക്കും കടുത്ത വിവേചനം നേരിടേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. ഗുജറാത്തി അല്ലാത്തതിനാല്‍ തന്റെ പുതിയ ഫ്ലാറ്റിലേക്കുള്ള പ്രവേശനം നിഷേധിച്ചെന്നും താമസം മാറിയാലും സമാധാനം ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്‍കിയതായും അനിരുദ്ധ് തുറന്നടിച്ചു.
ഗാന്ധിനഗർ രഹേജ റോഡിലെ സൊസൈറ്റിയിലാണ് അനിരുദ്ധ് ഫ്ലാറ്റ് വാങ്ങാൻ മുൻകൂർ പണം നൽകിയത്. എന്നാൽ, സൊസൈറ്റി മാനേജ്‌മെന്റ് എൻഒസി നൽകാത്തതിനാൽ വാങ്ങാനായില്ല. ഒരേ ജാതിയില്‍പ്പെട്ടവര്‍ മാത്രം താമസിക്കുന്ന സൊസൈറ്റിയാണെന്നും മറ്റുള്ളവർക്ക് നൽകില്ലെന്നും സൊസൈറ്റി ചെയർമാൻ നേരിട്ട് വ്യക്തമാക്കിയതായി അനിരുദ്ധ് പറയുന്നു.
“ഗിഫ്റ്റ് സിറ്റിയെക്കുറിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങൾ ആകർഷകമായിരുന്നു. അതിൽ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുജറാത്തില്‍ ഒരു വീട് സ്വന്തമാക്കാന്‍ തീരുമാനിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവയ്പ്പായിരുന്നു അത്. എന്നാല്‍ അപ്രതീക്ഷിത വെല്ലുവിളികളാണ് ഞാന്‍ നേരിട്ടത്. ഗുജറാത്തില്‍ ജനിച്ചില്ല എന്ന ഒറ്റ കാരണത്താൽ എനിക്ക് വിലക്കേര്‍പ്പെടുത്തി. ഇനി എങ്ങനെയെങ്കിലും വീട്ടിൽ പ്രവേശിച്ചാലും സമാധാനം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പും കിട്ടി” ദുരവസ്ഥ എക്സിലൂടെ പങ്കുവച്ച അനിരുദ്ധ് ഗുജറാത്ത് പോലീസ്, ഗുജറാത്ത് ബിജെപി, മുഖ്യമന്ത്രി, തുടങ്ങിയവരെ പോസ്റ്റില്‍ ടാഗ് ചെയ്തു. തന്‍റെ അവകാശങ്ങളും നിക്ഷേപവും തിരിച്ചുപിടിക്കാൻ നിയമ നടപടി തേടുമെന്നും കെജ്‌രിവാൾ പറഞ്ഞു.
അതേസമയം ജാതിയുടയൂം മതത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും, ഇത് ഗുജറാത്തില്‍ മാത്രമല്ല പൂനെയില്‍ തന്‍റെ മുസ്ലീം സുഹൃത്തിന് ഫ്ലാറ്റ് മേടിക്കാന്‍ കഴിഞ്ഞില്ലെന്നും മറ്റൊരാള്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
ദുബൈയെയും സിംഗപ്പൂരിനെയും മറികടക്കുന്ന രാജ്യാന്തര സാമ്പത്തിക സേവന- സാങ്കേതിക വിദ്യാ കേന്ദ്രമാക്കുന്നതിന്റെ ഭാഗമാണ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി. ആയിരം ഏക്കറില്‍ ഒരുങ്ങിയിരിക്കുന്ന സിറ്റിക്കകത്ത് സാമ്പത്തിക സേവന രംഗത്തുള്ള നിരവധികമ്പനികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ പദ്ധതികള്‍, സ്‌കൂള്‍, ആശുപത്രികള്‍ എന്നിവയും ഗിഫ്റ്റ് സിറ്റിയില്‍ ഉള്‍പ്പെടുന്നു. 2007ല്‍ പ്രഖ്യാപിച്ച പദ്ധതി നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് പൂര്‍ത്തീകരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here