ഒടുവില്‍ സര്‍ക്കാര്‍ അനങ്ങിത്തുടങ്ങി; സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകില്ല; രേഖകള്‍ കൈമാറാന്‍ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഡല്‍ഹിക്ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥന്‍റെ മരണത്തില്‍ നടപടികളുമായി പോലീസ്. സിബിഐക്ക് രേഖകള്‍ കൈമാറാന്‍ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയെയാണ് ഇന്ന് ഡല്‍ഹിക്ക് അയക്കുന്നത്. ഡിജിപി ഓഫീസിലെ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി എസ്.ശ്രീകാന്താണ് ഇന്ന് വൈകീട്ട് 7.15നുള്ള ഫ്ലൈറ്റില്‍ ഡല്‍ഹിക്ക് പോകുന്നത്.

സിബിഐ അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം പ്രഖ്യാപിക്കുമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ടി.ജയപ്രകാശ് ഇന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ധൃതഗതിയിലുള്ള പോലീസ് നടപടി. സിദ്ധാര്‍ത്ഥന്‍റെ കുടുംബം ഇന്ന് പ്രതിപക്ഷ നേതാവിനെ കാണുകയും തുടര്‍ നടപടികള്‍ക്ക് പ്രതിപക്ഷ സഹായം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ഈ മാസം ഒൻപതിനാണ് സിദ്ധാർത്ഥന്‍റെ മരണം സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിറക്കിയത്. പക്ഷെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പാലിച്ചില്ല. വിശദ അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയില്ല. 9ന് ഇറക്കിയ വിജ്ഞാപനം 16നാണ് സര്‍ക്കാര്‍ കൈമാറിയത്. സിബിഐക്ക് കൈമാറാനുള്ള വിശദമായ റിപ്പോര്‍ട്ടും മറ്റ് രേഖകളും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൈമാറും.

ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ സിദ്ധാർത്ഥന്‍റെ കുടുംബം എത്തിയത്. പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സിബിഐ അന്വേഷണം വൈകിയാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സമരമിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷമാണ് സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട തിരക്കിട്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top