സിദ്ധാർത്ഥന്‍റെ കുടുംബത്തെ സഹായിക്കാന്‍ സർവകലാശാലയ്ക്ക് നിര്‍ദേശം നല്‍കണം; ഗവര്‍ണര്‍ക്ക് നിവേദനം

ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ട വയനാട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സർവകലാശാലയ്ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.
സിദ്ധാർത്ഥന്‍റെ മരണത്തില്‍ നിയമ നടപടികളും അച്ചടക്ക നടപടികളും സര്‍ക്കാരും സര്‍വകലാശാലയും കൈക്കൊണ്ടിട്ടുണ്ടെങ്കിലും സാമ്പത്തിക സഹായം സിദ്ധാർത്ഥന്‍റെ കുടുംബത്തിന് നല്‍കിയിട്ടില്ല. കുസാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത നിശയിലെ തിരക്കിൽപെട്ട് മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കി.
വിദ്യാർത്ഥികൾ നടത്തിയ ആൾക്കൂട്ട കൊലപാതകമാണെന്നത് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് കുടുംബത്തെ സഹായിക്കാൻ തയ്യാറാകാത്തത് എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിദ്ധാർത്ഥന്റെ വസ്ത്രങ്ങള്‍, കണ്ണട, പുസ്തകങ്ങൾ എന്നിവ മാതാപിതാക്കൾക്ക് കൈമാറാതെ സര്‍വകലാശാല നഷ്ടപ്പെടുത്തി.
സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി നേരിട്ട ഡീൻ,വാർഡൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താൻ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. എന്നാല്‍ സിദ്ധാർത്ഥന്റെ കുടുംബത്തെ സഹായിക്കുന്നതിൽ സര്‍വകലാശാലയും അധ്യാപകരും പിന്തിരിഞ്ഞു നിൽക്കുകയാണ്. ഇത് നീതീകരിക്കാനാവില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here