‘മേനോത്തി, ഫ്രോഡ്’ അധിക്ഷേപവുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍; ‘പൗരപ്രമുഖരിൽ’ പാർട്ടി പ്രവർത്തകർക്കിടയിലും ഭിന്നത; ഇന്ദുമേനോൻ്റെ പ്രതികരണം മാധ്യമ സിൻഡിക്കറ്റിന്

കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത എഴുത്തുകാരി ഇന്ദുമേനോനെതിരെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസ്. മേനോത്തി, ഫ്രോഡ്, തൊഴിലാളി വിരുദ്ധ തുടങ്ങിയ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപവുമാണ് എഴുത്തുകാരിക്കെതിരെ ജൂലിയസ് നടത്തിയിട്ടുള്ളത്. നവകേരള സദസിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പര്യടനത്തിൽ ശനിയാഴ്ച നടന്ന പൗരപ്രമുഖരുടെ പ്രഭാത ഭക്ഷണ യോഗത്തിലാണ് ഇന്ദുമേനോൻ പങ്കെടുത്തത്.

ജില്ലയിലെ മുതിർന്ന വനിതാ നേതാവ് കെ.കെ.ലതികയ്‌ക്കൊപ്പം ഇന്ദുമേനോൻ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ജൂലിയസ് നികിതാസ് ഒന്നിലധികം അധിക്ഷേപ കമൻ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പി മോഹനന്‍- കെ.കെ. ലതിക ദമ്പതികളുടെ മകനാണ് ജൂലിയസ്. സംഭവം വിവാദത്തിലായതോടെ കമൻ്റ് ഡീലീറ്റ് ചെയ്തെങ്കിലും പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.

ജൂലിയസ് നികിതാസിൻ്റെ കമൻ്റ് താൻ കണ്ടിരുന്നെന്നും എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തെന്ന് അറിയില്ലെന്നും ഇന്ദുമേനോൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വിഷയത്തിൽ തനിക്ക് കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും അയാൾ എഴുതിയതിന് താനെന്ത് ചെയ്യാനാണ്. തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾക്കെതിരെ താൻ പരാതി കൊടുത്തിരുന്നു. പരാതിയിൽ നിന്നും പിൻമാറാതെ കോടതിയെ സമീപിച്ചതാകാം ചിലപ്പോൾ തൊഴിലാളി വിരുദ്ധത. അയാൾ പറഞ്ഞതിനെപ്പറ്റി അതല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഇന്ദുമേനോൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇന്ദുമേനോൻ സവർണ ജാതി ചിന്താഗതിക്കാരിയാണെന്നും തൊഴിലാളികളെയും പാർട്ടിയുടെ സജീവ പ്രവർത്തകരെയും ഉപദ്രവിച്ചയാളാണെന്നുമാണ് ജൂലിയസ് നികിതാസിൻ്റെ കമൻ്റുകളിൽ പറയുന്നത്. ഇന്ദുമേനോനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇതിലുണ്ട്. ” യുഡിഎഫ് കാലത്ത് അനർഹമായി മണിയടിച്ച് കിർത്താഡ്സിൽ കയറിയ ഫ്രോഡ് ആണ്. മണിയടിയും മാനിപ്പുലേഷേനും മാത്രം മതിയല്ലോ പ്രമുഖയാവാൻ “- എന്ന വിമർശനവും ജൂലിയസിൻ്റെ കമൻ്റുകളുണ്ട്.

ജില്ലാ സെക്രട്ടറിയുടെ മകൻ്റെ വിമർശനത്തിനെ അനുകൂലിച്ചും നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.സിപിഎമ്മിൻ്റെ നിലപാടിലുള്ള ഇരട്ടത്താപ്പെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. “ഇന്ദുമേനോൻ “സവർണ സുന്ദരി ” ആയതുകൊണ്ട് ബോഡി ഷെയ്മിങ് ബാധകമാവില്ലല്ലോ…ല്ലേ…
കഷ്ടം!!! ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻമാർ….” എന്നാണ് വിഷയത്തിൽ ഒരാളുടെ പ്രതികരണം.

നവകേരള സദസിൽ പങ്കെടുക്കുന്ന ‘പൗരപ്രമുഖരെ’പ്പറ്റിയും വിവാദങ്ങൾ കൊഴുക്കുമ്പോഴാണ് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ പ്രതികരണം എന്നും ശ്രദ്ധേയമാണ്. നവകേരള സദസില്‍ സമൂഹത്തിലെ പ്രമുഖരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നത് പരിപാടിയുടെ വിജയമായി സര്‍ക്കാരും ഇടത് മുന്നണിയും ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മകന്‍ തന്നെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പാർട്ടിക്കുള്ളിലും ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ജൂലിയസ് നികിതാസിൻ്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലികൂലിച്ചും പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഭിന്നതയുണ്ടായതും സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top