ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കും; ധാരണ വന്നത് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ബംഗാളിൽ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാർ ഉടൻ സമരം അവസാനിപ്പിച്ചേക്കും. ഇന്നലെ രാത്രി വൈകി ജൂനിയർ ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയാണ് നിര്‍ണായകമായത്. 35 ജൂനിയർ ഡോക്ടർമാരുടെ സംഘമാണ് യോഗത്തിന് എത്തിയത്. ഡോക്ടർമാർ മുന്നോട്ടുവച്ച അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരോട് സമരം പിന്‍വലിച്ച് ചര്‍ച്ചയ്ക്ക് എത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, നോർത്ത് ഡിവിഷൻ ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗുപ്ത, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കൗശവ് നായിക്, ഹെൽത് സർവീസസ് ഡയറക്ടർ ദേബാശിശ് ഹൽദാർ എന്നിവരെ മാറ്റിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്. സിബിഐ ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

ആരോഗ്യവകുപ്പ് സെക്രട്ടറിയെയും കൊൽക്കത്ത പൊലീസ് കമ്മിഷണറെയും മാറ്റണം, ബംഗാൾ മെഡിക്കൽ കൗൺസിൽ പിരിച്ചുവിടണം, സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം,  ഡോക്ടർമാർക്ക് സുരക്ഷയും സുരക്ഷയും വർധിപ്പിക്കുക, ഡോക്ടർമാർക്കെതിരെ സർക്കാർ നടപടികൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചത്.

ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം 38 ദിവസമായി സമരത്തിലാണ് ജൂനിയർ ഡോക്ടർമാർ. സെപ്തംബർ 10 ന് വൈകിട്ട് 5 മണിക്കകം ജോലി പുനരാരംഭിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം ലംഘിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. പുതിയ ആളുകൾ ചുമതലയേൽക്കും വരെ സമരം തുടരും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top