സാക്ഷിക്കും പൂനിയയ്ക്കുമെതിരെ ജൂനിയര്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ഭാവി അവതാളത്തിലായെന്ന് പ്രതിഷേധക്കാര്‍

ഡല്‍ഹി : ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം. ജൂനിയര്‍ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടന്നത്. മൂന്ന് ബസ് നിറയെ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചു. മുതിര്‍ന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനും, ബജ്‌റംഗ് പൂനിയയ്ക്കും, വിനേഷ് ഫോഗട്ടിനുമെതിരെ പോസ്റ്ററുകളുമായാണ് ജൂനിയര്‍ താരങ്ങളെത്തിയത്. ഗുസ്തി ഫെഡറേഷനെതിരെ ഇവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കാരണം തങ്ങളുടെ ഭാവിയും അവതാളത്തിലായെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ കാണണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട് ദേശീയ ഗുസ്തി ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തതോടെയാണ് മത്സര നടത്തിപ്പ് അവതാളത്തിലായത്. ലൈംഗികാരോപണമടക്കം ഉയര്‍ന്ന മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ് പ്രസിഡന്റായ സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെട്ടതോടെ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബജ്‌റംഗ് പൂനിയ പത്മശ്രീയും വിനേഷ് ഫൊഗട്ട് ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകളും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top