ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പ്രതിചേർത്ത് പോലീസ്; വിരമിച്ച ന്യായാധിപൻ പാതിവില തട്ടിപ്പിൽ മൂന്നാംപ്രതി

വൻകിട കമ്പനികളുടെ സാമൂഹ്യസുരക്ഷാ ഫണ്ടിൻ്റെ പേരുപറഞ്ഞ് പാതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കം ഉപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ കൂടുതൽ പ്രമുഖർ പ്രതിപ്പട്ടികയിലേക്ക്. കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ന്യായാധിപൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ഒരാഴ്ടക്കിടെ കേരളത്തിലെമ്പാടുമായി ഒട്ടേറെ കേസുകളിൽ പ്രതിയായ അനന്തു കൃഷ്ണൻ ആണ് രണ്ടാം പ്രതി. അതേസമയം തിരുവനന്തപുരത്തെ സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന സായ് ട്രസ്റ്റിൻ്റെ മുഖ്യചുമതലക്കാരൻ ആനന്ദ കുമാറും ഈ കേസിൽ പ്രതിസ്ഥാനത്ത് വന്നു. ഇയാളെയാണ് ഒന്നാം പ്രതിയാക്കി ചേർത്തിരിക്കുന്നത്. വിവാദമായതോടെ കഴിഞ്ഞ ദിവസം അനന്തു കൃഷ്ണനെ തള്ളിപ്പറഞ്ഞ് ആനന്ദ കുമാർ രംഗത്ത് എത്തിയിരുന്നു.
എൻജിഒ-കൾ വഴിയാണ് അനന്തു കൃഷ്ണൻ ഇരകളെ വലവീശി പിടിച്ചത്. എൻജിഒ സംഘങ്ങളുടെ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫഡറേഷൻ്റെ മലപ്പുറം രക്ഷാധികാരിയെന്ന നിലയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ പ്രതിയാകുന്നത്. കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. മലപ്പുറം ജില്ലയിൽ ഇതുവരെ 147 പരാതികളാണ് പോലീസിന് മുന്നിൽ എത്തിയിട്ടുള്ളത്.
ആനന്ദകുമാറിന് രണ്ടുകോടി നൽകിയെന്ന് തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുകൂടാതെ രാഷ്ട്രിയ, ഉദ്യോഗസ്ഥ രംഗങ്ങളിലും നിരവധി പേർ പ്രതിയുടെ തട്ടിപ്പിൻ്റെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിവിധ ജില്ലകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം പങ്ക് വിവിധ അന്വേഷണ സംഘങ്ങൾ പരിശോധിച്ച് വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here