‘ജസ്റ്റിസ് ഫോര്‍ ജിയന്ന’; നാലുവയസുകാരിയുടെ മരണത്തിന്‍റെ സത്യം അറിയാന്‍ ക്യാമ്പയിനുമായി മാതാപിതാക്കള്‍; സംശയം സ്കൂളിലെ 16കാരിയായ ആയയെ
കോട്ടയം: നാലുവയസുകാരിയുടെ മരണത്തില്‍ നീതി ലഭിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി മാതാപിതാക്കള്‍. ബെംഗളൂരുവിലെ ഡല്‍ഹി പ്രീ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച മലയാളിയായ ജിയന്നയുടെ മരണത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് ഫോര്‍ ജിയന്ന എന്ന ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് മാതാപിതാക്കള്‍. മകളുടെ മരണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഈ പ്രതിഷേധ പ്രചരണ ക്യാമ്പയിന്‍ എന്ന് ജിയന്നയുടെ അച്ഛന്‍ ജിറ്റോ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മകളുടെ മരണത്തിനു പിന്നില്‍ സ്കൂളിലെ ആയയായ പതിനാറ് വയസുകാരി കാഞ്ചനയാണെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. സ്കൂളില്‍ മാത്രമല്ല ജിയന്നയുടെ വീട്ടിലും ആയയായിരുന്നു കാഞ്ചന. ഐടി മേഖലില്‍ ജോലി ചെയ്യുന്ന ജിറ്റോയുടെയും ബിനിറ്റയുടെയും രണ്ട് മക്കളെ നോക്കാനായിരുന്നു ഇവര്‍ വീട്ടിലെത്തിയത്. എന്നാല്‍ കാഞ്ചനയും ജിയന്നയുടെ മാതാപിതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കാഞ്ചനയ്ക്ക് വൃത്തി കുറവാണെന്ന് ശ്രദ്ധയില്‍പ്പെട്ട ബിനിറ്റ, അത് തുറന്നു പറഞ്ഞിരുന്നു. ജോലിക്കായി കാഞ്ചനയെ ഏര്‍പ്പാടാക്കിത്തന്ന സ്കൂള്‍ പ്രിന്‍സിപ്പലിനോടും ഇക്കാര്യം അറിയിച്ചിരുന്നു. ഇതില്‍ അസ്വസ്ഥയായ കാഞ്ചന ജിറ്റോയുടെ വീട്ടില്‍ ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു.
എന്നാല്‍ കാഞ്ചനയുടെ അമ്മ തന്നെ വിളിച്ച് കുടുംബത്തിന്‍റെ സ്ഥിതി പരിതാപകരമാണെന്നും മകളെ വീട്ടുജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്നും ആവശ്യപ്പെട്ടതായി ജിറ്റോ പറഞ്ഞു. അമ്മയുടെ നിര്‍ബന്ധത്തില്‍ തിരികെ ജോലിക്കെത്തിയ കാഞ്ചനയുടെ മുഖത്തും പ്രവര്‍ത്തിയിലും അസ്വസ്ഥത പ്രകടമായിരുന്നു. അന്നേദിവസം ജിറ്റോയുടെ ഫോണ്‍ നഷ്ടപ്പെടുകയും എതിരെയുള്ള ഫ്ലാറ്റിന്റെ ടെറസില്‍ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. തങ്ങളോടുള്ള വൈരാഗ്യം കാരണം ആയ കുറ്റകൃത്യം ചെയ്തിരിക്കാം എന്നാണ് കുടുംബത്തിൻ്റെ ആരോപണം.
സംഭവം നടന്ന് പിറ്റേദിവസമാണ് ജിറ്റോയുടെ മകള്‍ ജിയന്ന സ്കൂളിലെ മൂന്നാം നിലയില്‍നിന്നും താഴേക്ക് വീണത്. കേസെടുത്ത് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും യാതൊരു ഭീതിയോ പരിഭ്രമമോ ഇല്ലാത്ത കാഞ്ചനയുടെ മുഖം ജിറ്റോയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പറയുന്നു. അപകടം നടന്നശേഷം, സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ജിറ്റോയുടെ സുഹൃത്ത് സ്കൂളില്‍ എത്തിയപ്പോള്‍, തറയില്‍ വീണ കുട്ടിയുടെ രക്തക്കറ തുടച്ചുകളയുന്ന കാഞ്ചനയെയാണ് കണ്ടത്. തങ്ങളോടുള്ള വൈരാഗ്യം കാരണം ആയയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായാണ് കുടുംബത്തിന്‍റെ ആരോപണം.
എന്നാല്‍ വീട്ടില്‍ നടന്ന സംഭവങ്ങള്‍ കേസുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ഡല്‍ഹി പ്രീ സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍, ആയയായ കാഞ്ചന എന്നിവര്‍ക്കെതിരെയാണ് കര്‍ണാടക ഹേന്നൂര്‍ പോലീസ് കേസ് എടുത്തത്. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കാന്‍ കഴിയു എന്നാണ് പോലീസ് പറയുന്നത്. റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഇല്ലെന്നും ജിറ്റോ കൂട്ടിച്ചേര്‍ത്തു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ മലയാളി കൂടിയായ തോമസ് ചെറിയാനും ശ്രമിച്ചിരുന്നു. കര്‍ണാടക പോലീസിന്‍റെ അന്വേഷണം നിരാശപ്പെടുത്തുമ്പോള്‍ കേരള സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെ മകള്‍ക്ക് നീതി ലഭിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here