ഹേമ കമ്മിഷൻ റിപ്പോർട്ട് ഗുണം ചെയ്തു; ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രശ്നത്തിൽ പൂര്‍ണ പരിഹാരം കാണാനായില്ലെന്ന് നിർമാതാക്കള്‍

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സിനിമ വ്യവസായത്തിന് ഗുണകരമായിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിവരാവകാശ കമ്മിഷൻ്റെ നിർദേശപ്രകാരം ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും മോശക്കാരാണെന്ന ധാരണ പൊതുസമൂഹത്തിൽ സൃഷ്ടിച്ചു. റിപ്പോർട്ട് സീൽവച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായും നിർമാതാക്കളുടെ സംഘടന പറഞ്ഞു.

2019ൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ നിർദേശ പ്രകാരം 2022 മുതൽ സിനിമാ സെറ്റുകളിൽ സ്ത്രീസുരക്ഷ ഉറപ്പിക്കാൻ രൂപീകരിച്ച ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും പ്രസിഡൻ്റ് ആൻ്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ് എന്നിവർ ഒപ്പുവച്ചിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഒരാൾക്ക് പ്രതിഫലം നൽകുന്നത് വാണിജ്യപരമായ ഘടകങ്ങൾ പരിഗണിച്ചാണ്. അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടേയും പ്രതിഫലം നിശ്ചയിക്കാനുള്ള അവകാശം നിർമാതാവിന് മാത്രമാണെന്നും അസോസിയേഷൻ പറഞ്ഞു. ലിംഗവ്യത്യാസമില്ലാതെ തുല്യവേതനം വേണം എന്ന ഹേമ കമ്മറ്റി നിർദേശം ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതികരണം.

കമ്മിഷൻ്റെ നിർദേശങ്ങളിൽ പൂർണമായും പരിഹാരം കാണാൻ കഴിയാത്തത് ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നത്തിലാണ്. ഇവർ സ്ഥിരമായി ആ മേഖലയിൽ ജോലി ചെയ്യുന്നവരല്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇവരെ എത്തിക്കുന്ന ഇടനിലക്കാർ ഇവരുടെ പ്രതിഫലത്തിൽ ഒരുഭാഗം തട്ടിയെടുക്കുന്ന പ്രവണതയാണുള്ളത്. ഇതു സംബന്ധിച്ച് പരാതികൾ ഉണ്ടായപ്പോഴെല്ലാം പൂർണ വേതനം അവരുടെ പക്കൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നിർമാതാക്കളുടെ സംഘടന അവകാശപ്പെട്ടു.

കമ്മിഷനോട് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പരിഹാരം കാണേണ്ട ആവശ്യകതയുണ്ട്. തുടർന്നും ഇത്തരം കാര്യങ്ങൾ ആവർത്തിരിക്കാതിരിക്കാൻ വേണ്ട നടപടികൾ എല്ലാ സിനിമാ സംഘടനകളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ഹേമ കമ്മിഷന് മുമ്പാകെ ഉണ്ടായിരുന്ന ഏഴ് പരിഗണനാ വിഷയങ്ങളിൽ പരിഹാരം കാണാത്തവയിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർമാതാക്കളുടെ സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top