വീണ്ടും കാത്തിരിക്കണം; ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം സർക്കാർ മാറ്റിയത്.
299 പേജുള്ള റിപ്പോർട്ടിൽ നിന്നും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് അപേക്ഷകർക്ക് ഇന്ന് രാവിലെ 11 മണിക്ക് കൈമാറാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് താനും മൊഴി നൽകിയിട്ടുണ്ടെന്നും പുറത്തു വിടുന്ന ഭാഗങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രഞ്ജിനി കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ഹേമ കമ്മിഷൻ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പരസ്യപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ വിവരാവകാശ കമ്മിഷൻ നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട കമ്മിഷൻ 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here