ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമോ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിവാദത്തില്‍ തുടരുന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആയിരുന്നു കഴിഞ്ഞ മാസം 24ന് ഹൈക്കോടതിയുടെ ഇടപെടല്‍.
സിനിമയുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്‍റെ ഹര്‍ജി. എന്നാല്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ വിശദമായ വാദം ഇന്ന് കോടതിയിൽ നടക്കും.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടിമാരുടെ മൊഴികള്‍ ഉള്ളതിനാല്‍ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു കമ്മിഷന്‍ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെയാണ് സജിമോന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉള്ളടക്കം പുറത്തുവിടുന്നതില്‍ അത്ര ഭയപ്പെടേണ്ടത് ഒന്നുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സാംസ്കാരിക മന്ത്രിയുമായ എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here