‘ജസ്റ്റിസ് മണികുമാര്‍ തുലാസിലാടുന്നു’; സുപ്രീംകോടതി വിധി കനത്ത പ്രഹരമാകുമ്പോള്‍ നിര്‍ണായകമാവുക ഗവര്‍ണറുടെ നിലപാട്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്സണായുള്ള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം തുലാസിലാടുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെത് കുറ്റകരമായ വിധിയെന്ന സുപ്രീംകോടതിയുടെ ഇന്നലത്തെ പരാമര്‍ശമാണ് മണികുമാറിന് തിരിച്ചടിയായി മാറുന്നത്. വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
മണികുമാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവെച്ച വിധി പുറപ്പെടുവിച്ചത്. അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്ന ഘട്ടത്തില്‍ സര്‍വകലാശാല പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും നിരന്തര തിരിച്ചടിയേറ്റിരുന്നു. സുപ്രീംകോടതി വിധിയോടെ ഈ ഫയലില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
“മണികുമാറിന്റെ നിയമനത്തിലെ ഗവര്‍ണറുടെ തീരുമാനം വന്നിട്ടില്ല. അടിയന്തിര ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. ഇപ്പോള്‍ സ്ഥലത്തില്ലാത്ത ഗവര്‍ണര്‍ വരുന്ന ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ എത്തുന്നത്. അതിനുശേഷം മാത്രമേ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയൂ”-രാജ്ഭവന്‍ വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം മണികുമാറിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്നെങ്കിലും ഫയലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. നിയമനസമിതി അംഗമായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇക്കാരണങ്ങളാൽ ശുപാര്‍ശ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കോവിഡ് ഡാറ്റ കൈമാറ്റം ചെയ്ത സ്പ്രിംഗ്ളര്‍ കേസില്‍ മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചു.
2018-ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ചകൊണ്ടു സംഭവിച്ചതും മനുഷ്യനിര്‍മിതവുമായിരുന്നു. ഇത് സംബന്ധിച്ച പൊതുതാത്പര്യഹര്‍ജികളിന്മേല്‍ ചീഫ് ജസ്റ്റിസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. സര്‍ക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയെന്നും കത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും നിയമനത്തിന്നെതിരെ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയിട്ടുണ്ട്.
ഹൈക്കോടതിയില്‍നിന്നു വിരമിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിന് കോവളത്തെ ഹോട്ടലില്‍ സര്‍ക്കാര്‍ വക യാത്രയയപ്പു നല്‍കിയതും വിവാദമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയ വിരുന്നിനെ കീഴ് വഴക്കലംഘനത്തിന്റെ പേരില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആദ്യമായിട്ടാണു വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയയപ്പു നല്‍കിയത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആര്‍.എസ്. ശശികുമാര്‍ ഇതേക്കുറിച്ച് ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here