ഖജനാവ് തിന്നുന്ന ബകന്‍മാര്‍; ലക്ഷങ്ങള്‍ പൊടിച്ചിട്ടും പൊടിപോലും കണ്ടെത്താതെ സ്വര്‍ണക്കടത്തിലെ അന്വേഷണ കമ്മിഷൻ

വസ്തുതാന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ വല്ലതും കണ്ടുപിടിച്ചോ എന്നന്വേഷിച്ചാല്‍ ‘കൈരേഖ’ കാണിക്കുന്ന ശങ്കരാടി മോഡലാണ് പതിവ്. അതുപോലെ തന്നെയാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വികെ മോഹനന്‍ കമ്മിഷനും. ് അന്വേഷണത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാനാകാതെ പ്രവര്‍ത്തിക്കുന്ന ഈ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് ലക്ഷങ്ങളാണ്.

ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത് നാല് വര്‍ഷമാകാറായിട്ടും സര്‍ക്കാര്‍ കമ്മിഷന്റെ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ഒരു സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനൊരുങ്ങിയത് രാജ്യത്ത് അസാധാരണത്വം നിറഞ്ഞ സംഭവമായിരുന്നു. പൂച്ച പെറ്റ് കിടക്കുന്ന ട്രഷറിയില്‍ നിന്ന് ഇത്തരം വെള്ളാനകളെ തീറ്റിപ്പോറ്റാന്‍ പണം അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പിശുക്കും കാട്ടാറില്ല.

ദോഷം പറയരുതല്ലോ ഈ മാസവും മോഹനന്‍ കമ്മീഷന് വേണ്ടി 19.49 ലക്ഷംഅധിക ഫണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അനുവദിച്ചു. 2023 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ജസ്റ്റിസ് മോഹനന്‍ കമ്മീഷനു വേണ്ടി 83.76 ലക്ഷം രൂപ ചെലവായതായി വ്യക്തമാക്കിയിരുന്നു. ഈ മാസം 21 ന് അനുവദിച്ച 19.49 ലക്ഷവും കൂടി ആകുമ്പോള്‍ കമ്മീഷന്റെ ചെലവ് ഒരു കോടിക്ക് മുകളില്‍ ആയി. കമ്മിഷന്‍ എന്ന നിലയില്‍ ജസ്റ്റിസ് വി കെ മോഹനന്‍ ശമ്പളം കൈപ്പറ്റുന്നില്ലെങ്കിലും ജീവനക്കാരുടെ ശമ്പളവും മറ്റുമായി ലക്ഷങ്ങളാണ് പൊടിക്കുന്നത്.

Also Read: ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ കാര്‍ വാങ്ങാം; സാമ്പത്തിക നിയന്ത്രണം ബാധകമല്ല

ഈ കമ്മീഷന്‍ ഇത് വരെ എന്ത് അന്വേഷണമാണ് നടത്തിയതെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഉത്തരമൊന്നുമില്ല. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഇടപെടലുകളാണു കമ്മിഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊഴികള്‍ അന്വേഷിക്കാന്‍ 2021 മേയ് ഏഴിനാണു കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. അതേവര്‍ഷം ഓഗസ്റ്റില്‍ ഇഡിയുടെ ഹര്‍ജിയില്‍ കമ്മിഷന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. ഡിവിഷന്‍ ബെഞ്ച് ഇതുവരെ കേസില്‍ തീരുമാനമെടുത്തില്ല.

Also Read: ‘ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ കരിമിക്ക’… ആശമാരുടെ വേതനം 10,000 ആക്കണമെന്ന് എളമരം കരീമിൻ്റെ സബ്മിഷൻ!!

232 രൂപ പ്രതിദിന വേതനം കുറഞ്ഞ പക്ഷം 100 രൂപ എങ്കിലും കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് 75 ദിവസത്തില്‍ അധികമായി ആശാ വര്‍ക്കേഴ്‌സ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരത്തിലാണ്. ഖജനാവില്‍ പണമില്ലാത്തതിനാലാണ് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ പറ്റില്ലെന്ന് കട്ടായം പറയുന്ന സര്‍ക്കാരിന് ഇത്തരം പാഴ് ചെലവുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ ഒരു പ്രയാസവുമില്ല. അതിനോടൊന്നും ദാരിദ്ര്യക്കഥ പറയാറുമില്ല. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവില്‍ നിയമിക്കപ്പെട്ട കമ്മീഷന്‍ നാല് കൊല്ലം കഴിയാറായിട്ടും എന്തെങ്കിലും അന്വേഷിച്ചോ, കണ്ടെത്തിയോ എന്നറിയാന്‍ വീണ്ടുമൊരു കമ്മീഷനെ നിയമിക്കേണ്ടി വരുമോ എന്നാര്‍ക്കറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top