‘മമ്മൂട്ടി ഇപ്പോൾ സിനിമയോട് ചെയ്യുന്നത്’; തുറന്നു പറഞ്ഞ് ജ്യോതിക; സൂര്യ, രജനികാന്ത്, വിജയ് എന്നിവരെക്കുറിച്ചും മറുപടി; തനിക്ക് നായകന്റെ ആവശ്യമില്ലെന്നും താരം
അജയ് ദേവ്ഗണ്‍, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികാസ് ഭാലിന്റെ ശെയ്ത്താന്‍ ആണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം, ഇന്‍ഡസ്ട്രിയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത് ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ നായികാ പ്രധാന്യമുള്ള ഒട്ടേറെ സിനികളിലും ജ്യോതിക അഭിനയിച്ചു. അടുത്തിടെ ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴില്‍ ഇനി ഏതു നായകനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ജ്യോതിക നല്‍കിയ ഉത്തരം ശ്രദ്ധേയമായിരുന്നു.
‘കുറേ നാളായി എന്റെ സിനിമകള്‍ ഞാന്‍ ഒറ്റയ്ക്കാണ് ചുമലിലേറ്റി കൊണ്ടുപോകുന്നത്. എനിക്കൊരു നായകന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,’ എന്നായിരുന്നു ജ്യോതികയുടെ ഉത്തരം. മഗളിര്‍ മട്ടും, നാച്ചിയാര്‍, കാട്രിന്‍ മൊഴി, രാച്ചസി, ജാക്ക്പോട്ട്, പൊന്‍മകള്‍ വന്താല്‍ എന്നിവ ജ്യോതിക മുഖ്യ വേഷങ്ങളിലെത്തിയ ചിത്രങ്ങളാണ്. അതേസമയം ഹിന്ദിയില്‍ നിന്ന് നല്ല അവസങ്ങള്‍ വന്നാല്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ജ്യോതിക വെളിപ്പെടുത്തി.
‘സൂര്യ എന്റെ സ്‌പേസിനെ ബഹുമാനിക്കുന്ന ആളാണ്. അതെനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ ബാത്ത്‌റൂം ടൈമിങ് ഞാന്‍ സഹിക്കേണ്ടി വരും. എപ്പോഴും ബാത്ത്‌റൂമില്‍ പോയാല്‍ പുറത്തിറങ്ങാന്‍ കുറേ സമയമെടുക്കും. രാവിലെ എന്നും ഇതിന്റെ പേരില്‍ അടിയാണ്. ഞങ്ങള്‍ക്കിടയില്‍ മനോഹരമായൊരു സൗഹൃദം ഉണ്ട്. അദ്ദേഹവും അത് എന്‍ജോയ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് എന്നെ കുറേ സഹിക്കുന്നുണ്ടാകും. നല്ലൊരു കേള്‍വിക്കാരനാണ്. ഞാനാണെങ്കില്‍ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും,’ ഭര്‍ത്താവും നടനുമായ സൂര്യയെക്കുറിച്ച് ജ്യോതികയുടെ വാക്കുകള്‍.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച നടികൂടിയാണ് ജ്യോതിക. അടുത്തിടെ മമ്മൂട്ടിയുടെ കാതല്‍: ദി കോര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. ‘അദ്ദേഹം ഒരു നടന്‍ എന്ന നിലയില്‍ സിനിമയ്ക്ക് തിരിച്ചു നല്‍കിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടം ഞാന്‍ ഇഷ്ടപ്പെടുന്നു,’ ജ്യോതിക പറഞ്ഞു. രജനികാന്തിനെക്കുറിച്ചുള്ള ചോദ്യത്തിന് സൂപ്പര്‍ സ്റ്റാര്‍ഡം എന്ന വാക്കും വിജയ്‌യെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരതയെക്കുറിച്ചുമാണ് ജ്യോതിക സംസാരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here