“പല കോണ്‍ഗ്രസ് നേതാക്കളും അന്ന് സഹായം ചോദിച്ചു വന്നിരുന്നു; വേണ്ടിവന്നാല്‍ വെളിപ്പെടുത്താന്‍ തയ്യാര്‍”
തിരുവനന്തപുരം: അനാവശ്യ ആരോപണങ്ങളാണ് സോളാര്‍ കേസുമായി ബന്ധപെട്ട് തനിക്കെതിരെ ഉന്നയിച്ചതെന്ന് കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. സോളാർ വിഷയത്തിൽ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ആർ ബാലകൃഷ്ണ പിള്ളയോട് സഹായം ചോദിച്ചിരുന്നു. പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്ന് ആർ ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായ വിരോധമില്ല. രാഷ്ട്രീയ എതിർപ്പ് മാത്രമേയുള്ളു. അദ്ദേഹത്തിനെതിരെ സിബിഐ യിൽ മൊഴി കൊടുത്തിട്ടില്ല.
താനൊരു തുറന്ന പുസ്തകമാണെന്നും പറയാനുള്ളത് മുഖത്ത് നോക്കി പറയുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. സോളാർ കേസ് നടന്ന കാലത്ത് ഇന്ന് നിയമസഭയിൽ ഇരിക്കുന്ന പല നേതാക്കളും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർബന്ധിച്ചാൽ വെളിപ്പെടുത്താനും തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013 മുതല്‍ ഇന്ന് വരെ കേസിലെ പരാതിക്കാരിയെയോ അതുമായി ബന്ധപ്പെട്ട ആരെയും നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നാലും യുഡിഎഫിലേക്ക് ഇനി ഇല്ല. പിണറായിയുടെ അന്വേഷണ ഉത്തരവിലാണ് ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് കിട്ടിയത്. അതിനാൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പിണറായിയോടാണ് നന്ദി പറയേണ്ടത്.
കേസിലെ സിബിഐ റിപ്പോർട്ട് വന്നതിനു പിന്നാലെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.