കെ.ബാബു യോഗ്യൻ; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി തള്ളി; സാക്ഷിമൊഴികളെല്ലാം വിശ്വാസയോഗ്യമല്ലെന്ന് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ എംഎൽഎ കെ.ബാബുവിന് ആശ്വാസം. മത ചിഹ്നം ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് സിപിഎമ്മിന്റെ എം.സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.ജി.അജിത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് കെ.ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.
മതചിഹ്നം ഉപയോഗിച്ചെന്ന് സാധൂകരിക്കുന്ന സാക്ഷി മൊഴികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികൾ എല്ലാം വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് പ്രചാരണം നടത്തി എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്ന് കെ.ബാബു പ്രതികരിച്ചു. തനിക്കെതിരെ കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണെന്ന് തെളിഞ്ഞെന്ന് ബാബു പറഞ്ഞു. ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു 2021ൽ തൃപ്പൂണിത്തുറയിൽ നടന്നത്. 992 വോട്ടുകൾക്കാണ് ബാബു വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here