ഹാട്രിക് നേട്ടം എളുപ്പമല്ലെന്ന വിലയിരുത്തലില്‍ ചന്ദ്രശേഖര്‍ റാവു; ഭരണവിരുദ്ധവികാരം തിരിച്ചടി; ന്യൂനപക്ഷ വോട്ടുകളുടെ കാര്യത്തില്‍ ആശങ്കയും

ന്യൂഡല്‍ഹി: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന വിലയിരുത്തലില്‍ ബിആര്‍എസും മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര്‍ റാവുവും. ഹാട്രിക് വിജയത്തിലേക്ക് എത്താന്‍ കഴിയുമോ എന്ന സംശയത്തിലാണ് റാവുവിപ്പോള്‍. ഭരണവിരുദ്ധവികാരം, ന്യൂനപക്ഷവോട്ടുകളുടെ ഗതിമാറ്റം, കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി എന്നിവയൊക്കെ ബിആര്‍എസിന് മുന്നിലെ പ്രതിബന്ധമാവുകയാണ്. ഒക്ടോബര്‍ 15-ന് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ പുറത്ത് വിടുന്ന വന്‍ പ്രഖ്യാപനങ്ങളാണ് റാവുവിന്റെ തുറുപ്പ്ചീട്ട്.

115 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ ബി.ആര്‍.എസിനാണ് പ്രചാരണത്തില്‍ മുന്‍തൂക്കം. ബിജെപിയോ കോണ്‍ഗ്രസോ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിആര്‍എസിനൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷവോട്ടര്‍മാരില്‍ ഒരു ഭാഗം ഇക്കുറി കോണ്‍ഗ്രസിനൊപ്പമാണെന്നാണ് സൂചന.

ബിആര്‍എസിനോട് ചേര്‍ന്നാണ് അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നതെങ്കിലും മുസ്‍ലിംവോട്ടുകള്‍ ഉറപ്പാക്കാന്‍ കെസിആറിന് കഴിയുന്നില്ല. ന്യൂനപക്ഷവിഭാഗങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അണിയറയില്‍ തിരക്കിട്ട നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പഴയ ആര്‍എസ്എസ് നേതാവാണെന്ന ആരോപണവുമായി ബിആര്‍എസും മജ്‌ലിസ് പാര്‍ട്ടിയും രംഗത്തെത്തിയതും ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെ. അനുകൂലഘടകങ്ങളുണ്ടെങ്കിലും അതുപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് പാര്‍ട്ടി കടന്നിട്ടുമില്ല.

ബിജെപിക്ക് ഇക്കുറിയും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി സഞ്ജയ് കുമാര്‍ ബണ്ടിയുടെ കൈയില്‍നിന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് നല്‍കിയെങ്കിലും വെല്ലുവിളികളാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top